പനിനീര്‍പ്പൂവിന്റെ മണം ഒഴുകിപ്പരന്ന ഒരു പ്രണയ ദിനത്തിന്റെ പാതിയിലാണ് പുല്‍വാമയില്‍ നാല്‍പ്പത് സൈനികരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണം ഉണ്ടാകുന്നത്. ഈ രാജ്യത്തെ അത്രയേറെ പ്രണയിച്ചിരുന്നിരിക്കണം അവര്‍. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് അഞ്ചു വയസ് തികയുകയാണ്. ഓര്‍മ്മകളെല്ലാം പിന്നോട്ടൊഴുകി മറയുകയാണ്. അപ്പോഴും കേള്‍ക്കാനാകുന്നത്, ‘ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’ എന്ന കവി വാക്യം മാത്രം. അവനവനു വേണ്ടിയല്ല, ഈ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണവര്‍ ചുടുരക്തമൂറ്റി കുലം വിട്ടു പോയത്. പുല്‍വാമയില്‍ പിടഞ്ഞു വീണ ഓരോ സൈനികരും ഇന്നും നോവായ് നിറുകയാണ്.
നിങ്ങളോടാണ് ഞങ്ങള്‍ക്കു പ്രണയം. ഈ പ്രണയ ദിനത്തില്‍ പനിനീര്‍പ്പൂക്കളുമായി ഒരു കാമുകനെയോ കാമുകിയെയോ കാത്തു നില്‍ക്കാനാവില്ല. കാരണം, ആ പൂക്കള്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാരുടെ കുഴി മാടങ്ങളെ അലങ്കരിക്കട്ടെ. പ്രണയത്തിനായ് ഒരു ദിനം ഒരുക്കിയ ലോകമേ, ക്ഷമിക്കു. ഞങ്ങള്‍ രക്ത സാക്ഷിത്വത്തെ ഓര്‍ക്കാന്‍ വേണ്ടി ഈ ദിനം എടുക്കുന്നു. ഇന്ത്യയുടെ മാറിലേക്ക് ചീറ്റിത്തെറിച്ച ചുടുചോരയുടെ നിറവും മണവുമാണ് ഇന്നത്തെ ദിനത്തിന്. പ്രണയ പരവശരായി നില്‍ക്കുന്ന കമിതാക്കളേ നിങ്ങള്‍ക്കു മാറി നില്‍ക്കാം. എല്ലാ ദിവസവും നിങ്ങള്‍ക്കു സ്വന്തമാണ്. പക്ഷെ, ധീരരക്ത സാക്ഷികള്‍ക്ക് ഇന്നൊരു ദിവസം മാത്രമല്ലേയുള്ളൂ. അത് അവര്‍ക്കായി നല്‍കൂ. ചെഞ്ചോരപ്പൂക്കള്‍ നിറച്ച റീത്തുകളാല്‍ അവരുടെ കുഴി മാടങ്ങള്‍ പ്രണയാതുരമാകട്ടെ. ധീര ജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട്.
2019 ഫെബ്രുവരി 14. ജമ്മു-ശ്രീനഗര്‍ ദേശീയപാത 44. സമയം വൈകിട്ട് 3.30. പോക്കുവെയില്‍ സ്വര്‍ണ്ണ നിറത്തില്‍ ഭൂമിയെ തൊടുന്നു. നിഴലുകള്‍ക്ക് നീളം കൂടി. കാശ്മീരിന്റെ മലനിരകളിലൂടെ പൈന്‍മരളങ്ങളെ തലോടി തണുത്ത കാറ്റിന്റെ സഞ്ചാരം. അവധി കഴിഞ്ഞ് മടങ്ങുന്നവരടക്കം കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നു. കളിച്ചും ചിരിച്ചും കഥ പറഞ്ഞുമൊക്കെ സന്തോഷത്തിലായിരുന്നു അവരുടെ യാത. ആളനക്കമില്ലാത്ത റോഡ്. വാഹനങ്ങളും കുറവ്. കൊടും വളവുകളും കൊക്കയും നിറഞ്ഞ പാതകളില്‍ അപകടം പതിയിരിക്കുന്നുണ്ട്. ഭീകരരുടെ ഒളിപ്പോര്‍ എപ്പോഴും പ്രതീക്ഷാം. നേരിട്ടുള്ള ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും സൈനികര്‍ സജ്ജമാണ്.
എന്നാല്‍, അവന്തി പുരയ്ക്കടുത്ത് വെച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു സ്‌കോര്‍പിയോ വാന്‍, സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറി. ഉഗ്ര സ്‌ഫോടനം. തീ ഗോളങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. എങ്ങും പുകയും പൊടിപടലങ്ങളും. കാറും ബസും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം തകര്‍ന്നു. സ്‌ഫോടനം നടന്ന ഭാഗം കുഴിഞ്ഞു. പൊട്ടിത്തെറിയില്‍ തകര്‍ന്ന വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം തെറിച്ചു വീണു. പൂര്‍ണമായി തകര്‍ന്നത് 76-ാം ബറ്റാലിയന്റെ ബസായിരുന്നു. അതില്‍ 40 സൈനികരാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ ചിതറിത്തെറിച്ചു.
പിന്നാലെ എത്തിയ ബസുകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഞെട്ടല്‍ വിട്ടു മാറിയപ്പോള്‍ മുതല്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ചിതറിത്തെറിച്ച സഹ സൈനികരുടെ അവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുമ്പോള്‍ സൈനികരുടെ കണ്ണില്‍ നിന്നും ചോരയാണ് പൊടിഞ്ഞത്. ചിന്നിച്ചിതറിയ തലച്ചോറും കൈയ്യും കാലും കുടല്‍മാലയുമെല്ലാം പൊതിഞ്ഞു കെട്ടുമ്പോഴും അവര്‍ കരയുകയായിരുന്നു. അന്നത്തെ നടുക്കുന്ന ഓര്‍മ്മയില്‍ കഴിയുന്ന എത്രയോ പട്ടാളക്കാരുണ്ട്. വിറയാര്‍ന്ന കൈകളില്‍ സഹപ്രവര്‍ത്തകരുടെ ജഡങ്ങള്‍ കോരിയെടുത്തവര്‍. ഓരോ പ്രണയ ദിനത്തിന്റെ ഓര്‍മ്മകളും അവരെ പൊള്ളിക്കുന്നുണ്ടിന്നും.
അന്ന് വീരമൃത്യു വരിച്ചവരില്‍ വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറുമുണ്ടായിരുന്നു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ റഷീദ് മസൂദ് 2017 നവംബറില്‍ പുല്‍വാമയില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റഷീദിനെയും സിആര്‍പിഎഫ് വധിച്ചു. ഇതിന് പകരം വീട്ടുമെന്ന് അസ്ഹര്‍ പ്രഖ്യാപിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.
ഭീകരാക്രമണത്തില്‍ വീണ കണ്ണീരിന് പ്രതികാരം ചെയ്യുമെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. ശത്രുവിനോടുള്ള പ്രതികാര നടപടിയുടെ സ്ഥലവും സമയവും തീവ്രതയും രീതിയും തീരുമാനിക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. നിങ്ങളുടെ ഉള്ളില്‍ ആളിക്കത്തുന്ന അതേ തീയാണ് എന്റെ ഹൃദയത്തിലും ഉള്ളത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു. അങ്ങനെ പുല്‍വാമ ഭാകരാക്രമണത്തിന്റെ 12-ാം ദിവസം ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റുകള്‍ പാക്കിസ്ഥാന്‍ ആകാശത്തിലൂടെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ ബോംബാക്രമണം നടത്തി.
ജയ്‌ഷെ നേതാക്കളടക്കം നിരവധി ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്പുകളും മിന്നലാക്രമണത്തില്‍ തകര്‍ന്നു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ വിമര്‍ശനം നേരിട്ട സംഭവമായിരുന്നു പുല്‍വാമ ഭീകരാക്രമണം. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം യു.എന്‍ അംഗീകരിച്ചു. 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഭീകരതയ്‌ക്കെതിരെ പ്രത്യക്ഷ നടപടിക്ക് പാക്കിസ്ഥാനും നിര്‍ബന്ധിതമായി. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാന്‍സും യുഎസും ചേര്‍ന്നാണു മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഉപസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്.
സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന മാര്‍ച്ച് 13ന് ഇതു വീറ്റോ ചെയ്തതോടെ, ഈ രാജ്യങ്ങള്‍ രക്ഷാസമിതിയില്‍ നേരിട്ടു പുതിയ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വീറ്റോ ചെയ്യാനുള്ള കാരണം വ്യക്തമാക്കണമെന്നിരിക്കെ, ചൈന രാജ്യാന്തര സമ്മര്‍ദ്ദത്തിനു വഴങ്ങുകയായിരുന്നു. ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തതിന് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. വിവിധ കേസുകളില്‍ അറസ്റ്റിലായ തീവ്രവാദികളുടെയും അവരുടെ അനുഭാവികളുടെയും ഇലക്ട്രോണിക് തെളിവുകളും മൊഴികളും ശേഖരിച്ച ശേഷമാണ് എന്‍ഐഎ കേസ് തെളിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക