എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍:
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. കേരളത്തിന്റെ നോവായി ഇന്നും എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ നില്‍ക്കുകയാണ്. തങ്ങളുടെല്ലാത്ത കുറ്റത്തിന് ജീവിതത്തില്‍ വലിയ യാതനകള്‍ നേരിടേണ്ടി വന്നവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവില്‍ ഇറങ്ങേണ്ട ദുരവസ്ഥയാണ്.
2016 ജനുവരിയില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ തുടര്‍ന്നുണ്ടായ ധാരണയില്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് പ്രഖ്യാപിച്ചു. ഏഴായിരത്തോളം അപേക്ഷകരില്‍ 4738 പേര്‍ക്കാണ് അനുമതി ലഭിച്ചത്. 1905 പേരെ ദുരിതബാധിതരായി കണ്ടെത്തിയെങ്കിലും അന്തിമ ലിസ്റ്റ് തയാറാക്കിയപ്പോള്‍ 287 ആയി ചുരുങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് 76 പേരെ കൂട്ടിച്ചേര്‍ത്തു.
2019 ജനുവരി 30 മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പില്‍ അമ്മമാര്‍ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് 1905 ല്‍ ഉള്‍പ്പെട്ട 18 വയസില്‍ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ബാക്കി 1031 പേരെ പരിശോധനയ്ക്ക് വിധേയരാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തുടര്‍ നടപടികളുണ്ടായില്ല. 2011 നു ശേഷം ജനിക്കുന്ന കുട്ടികളെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണക്കാക്കാന്‍ സാധിക്കില്ല എന്ന വിചിത്രമായ ഒരു ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അഞ്ചു തലമുറകള്‍ വരെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ഉണ്ടാകും എന്ന് പഠനങ്ങള്‍ കണ്ടെത്തിട്ടുണ്ട്. ഈ വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ദുരിത ബാധിതര്‍ക്ക് പര്യാപ്തമായ ചികിത്സാ സൗകര്യം ഒരുക്കണം എന്ന ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ഒക്കിനടുക്ക മെഡിക്കല്‍ കോളേജിലും , കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റുകളെ നിയമിച്ചതല്ലാതെ മറ്റു യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. മെഡിക്കല്‍ കോളേജില്‍ അനുബന്ധ സൗകര്യങ്ങങ്ങള്‍ ഒന്നുമില്ല. ഒ.പി. അല്ലാതെ ഐ.പി. ഇല്ല. സ്‌കാന്‍ ചെയ്യണമെങ്കില്‍ പോലും പരിയാരം മെഡിക്കല്‍ കോളേജില്‍ പോകണം. ഇവര്‍ക്ക് ആവശ്യമുള്ള മരുന്നുകളും പോലും ലഭ്യമല്ല. പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ യോഗം ചേരണമെന്നു നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ അവസാനമായി സെല്‍ യോഗം ചേര്‍ന്നത് 2023 ജനുവരി 8 നാണ്. ഒരു വര്‍ഷമായി സെല്‍ യോഗം ചേര്‍ന്നിട്ടില്ല.
Read more:
- ഭര്‍ത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നു എന്നത് ഗാര്‍ഹിക പീഡനമല്ല: മുംബൈ കോടതി
- ആലപ്പുഴയിൽ ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു
- നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയാ ഗാന്ധി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബിജെപിയുടെ ശക്തനായ സ്ഥാനാർഥിയാകും എതിരാളി: വെളിപ്പെടുത്തി കെ സുരേന്ദ്രൻ
- കള്ളപ്പണം വെളുപ്പിക്കൽ:സമീര്‍ വാങ്കഡെയ്ക്കെതിരായ കേസിൻ്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും 2200 രൂപ പെന്‍ഷനും, മറ്റുള്ള രോഗികള്‍ക്ക് 1200 രൂപയും പെന്‍ഷന്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ 2200 രൂപയും വികലാംഗ പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് 500 രൂപ വെട്ടികുറക്കുന്ന മനുഷ്യത്വ രഹിതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ പ്രദേശത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ഒരു എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ നിയോഗിക്കാനും തയാറാകണം. മനുഷ്യത്വപരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക