മീഡിയൻ ഞരമ്പ് ഞെരുങ്ങി പോയിട്ടുണ്ടോ? കൈപ്പത്തിയിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പലർക്കും പല സമയങ്ങളിൽ കൈയ്യിൽ തരിപ്പും,വേദായും അനുഭവപ്പെടും ഇത് എന്തൊകൊണ്ടാണെന്ന് അറിയാമോ? 

കൈകളില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്നത് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം എന്ന അവസ്ഥയുടെ ലക്ഷണമാകാം. പതിവായി ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ കൈകളില്‍ വേദനയും തരിപ്പും അനുഭവപ്പെടുന്നതോടെയാണ് ഇതിന്‍റെ പ്രയാസം തിരിച്ചറിയുന്നത്.

എന്നാല്‍, കൈകളില്‍ വേദനയോ തരിപ്പോ ഉണ്ടാകുന്നതെല്ലാം കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം ആകണമെന്നില്ല. മറ്റ് അവസ്ഥകളുടെ ഭാഗമായും ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാം. അതിനാല്‍, എന്താണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം, ലക്ഷണങ്ങള്‍, രോഗ സാധ്യതകള്‍,ചികിത്സ തുടങ്ങിയവയെക്കുറിച്ച് കൃത്യമായി അറിയാം.

കൈക്കുഴയുടെ ഭാഗത്തായി എല്ലുകള്‍ക്കിടയിലൂടെ രക്തക്കുഴലുകള്‍, ഞരമ്പുകള്‍, മസിലിന്റെ ടെന്‍ഡണുകള്‍ എന്നിവ കടന്നുപോകുന്ന ഒരു ടണല്‍ ഉണ്ട്. ഇതാണ് കാര്‍പ്പല്‍ ടണല്‍. ഇതിനുള്ളില്‍ വെച്ച് കൈപ്പത്തിയിലേക്ക് പോകുന്ന പ്രധാന ഞരമ്പായ മീഡിയന്‍ നെര്‍വിന് ഞെരുക്കം സംഭവിക്കുന്നു, ഈ അവസ്ഥയാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം.

മീഡിയന്‍ നെര്‍വ് ഞെരുങ്ങി പോകുന്നു

മീഡിയന്‍ നെര്‍വാണ് കൈപ്പത്തിയിലെ വിരലുകളുടെ മൂന്നര ഭാഗത്തേക്കുള്ള സെന്‍സേഷന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ കാര്‍പ്പല്‍ ടണലില്‍ വെച്ച് മീഡിയന്‍ നെര്‍വ് ഞെരുങ്ങിപ്പോകുന്നത് കാരണം ഈ ഭാഗങ്ങളില്‍ വേദനയും തരിപ്പും അനുഭവപ്പെടും.

പലപ്പോഴും കൈകളില്‍ മുഴുവനായോ തോള്‍ഭാഗം വരെയോ വേദന അനുഭവപ്പെടാറുണ്ട്. സാധനങ്ങള്‍ എടുക്കാന്‍ പ്രയാസം അനുഭവപ്പെടുക, ചെറിയ ജോലികള്‍ ചെയ്യാന്‍ ആവശ്യമായ ചലനങ്ങള്‍ പോലും കൈക്ക് വേദന,തരിപ്പ് പോലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണം.

എന്നാല്‍, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം വലിയ തോതില്‍ കയ്യിൽ  ബലക്കുറവിന് കാരണമാകാറില്ല. എങ്കിലും ചെറിയ തോതില്‍ ബലക്കുറവ് അനുഭവപ്പെട്ടേക്കാം. കൃത്യ സമയത്ത് ചികിത്സിക്കാതിരുന്നാല്‍ കൈയിലെ പേശികള്‍ നേര്‍ത്ത് മെലിച്ചില്‍ അനുഭവപ്പെടുകയും കൂടാതെ ബലക്കുറവ് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനും കാരണമാകും.

പ്രമേഹം, തൈറോയ്ഡ്, അമിതവണ്ണം എന്നിവ അനുഭവിക്കുന്നവരിലാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം സാധാരണ കണ്ടുവരുന്നത്. കൂടാതെ ഗര്‍ഭിണികളില്‍ ഗര്‍ഭ കാലഘട്ടത്തിലും ഇത് അനുഭവപ്പെടാറുണ്ട്. 30 വയസ്സിന് മുകളിലുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്, പ്രത്യേകിച്ച് സ്ത്രീകളില്‍.

കൈകള്‍ക്ക് കൂടുതല്‍ ആയാസം വരുന്ന ജോലികള്‍ ചെയ്യുന്നവരിലും പതിവായ കീ ബോര്‍ഡ് ഉപയോഗം, തയ്യല്‍, എഴുത്ത്, ഇരു ചക്ര വാഹനങ്ങളുടെ ഉപയോഗം, മറ്റ് വീട്ടു ജോലികള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്. എന്നാല്‍ കൈക്കുഴക്ക് സമീപം എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നത് മൂലവും കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം കണ്ടുവരാറുണ്ട്. രാത്രി സമയത്താണ് ഇതിന്‍റെ അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെടുക.

നെര്‍വ് കണ്ടക്ഷന്‍ പരിശോധന നടത്തിക്കൊണ്ട് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം തിരിച്ചറിയാം. ഇതുവഴി ഞരമ്പുകളില്‍ സംഭവിച്ച ബ്ലോക്ക് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. നേര്‍ത്ത ബ്ലോക്ക് ,സാധാരണ ബ്ലോക്ക്‌ എന്നിവയാണെങ്കില്‍ മരുന്നുകള്‍ കഴിച്ചുകൊണ്ട് മാറ്റിയെടുക്കാനാകും. എന്നാല്‍, കടുത്ത ബ്ലോക്ക്‌ ഉണ്ടെങ്കില്‍ ഒരു ചെറിയ സര്‍ജറി ആവശ്യമായി വരും.

കഴുത്തിലെ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും കൈകളിലേക്ക് വേദന അനുഭവപ്പെടാം. എന്നാല്‍ ഈ സാഹചര്യത്തില്‍ കഴുത്ത് മുതല്‍ തന്നെ വേദനയും അസ്വസ്ഥതകളും ഉണ്ടാകും. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം ആണെങ്കില്‍ സാധാരണയായി കൈപ്പത്തി മുതല്‍ തോള്‍ഭാഗം വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ വേദന, തരിപ്പ് എന്നിവ അനുഭവപ്പെടുകയുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മരുന്നുകള്‍ കഴിച്ചോ സർജറി ചെയ്തോ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം മാറ്റിയെടുത്താലും തുടര്‍ച്ചയായ ശ്രദ്ധ ആവശ്യമാണ്‌. ഇല്ലെങ്കില്‍ വീണ്ടും ഇതേ പ്രശ്നം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഇതിന് കാരണമാകുന്ന അടിസ്ഥാന രോഗാവസ്ഥകളെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്. ചിലരില്‍ ഉയര്‍ന്ന പ്രമേഹം അല്ലെങ്കില്‍ തൈറോയ്ഡ് പോലുള്ള അസുഖങ്ങളാകാം കാര്‍പ്പല്‍ ടണല്‍ സിൻഡ്രമിന് കാരണമാകുന്നത്.

തൈറോയ്ഡ്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ കൃത്യമായ ചികിത്സ സ്വീകരിച്ചും ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ടും ഇവ നിയന്ത്രിക്കണം. കൂടാതെ അമിതവണ്ണം കുറക്കാനായി ശ്രദ്ധിക്കണം. കൈകള്‍ ഉപയോഗിച്ചുള്ള ജോലികള്‍ മിതമായി മാത്രം ചെയ്യാനായി ശ്രദ്ധിക്കുക. ഇതോടൊപ്പം ഹാന്‍ഡ് റൊട്ടേഷന്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണകരമാകും.