ലണ്ടൻ ∙ തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ ആശുപത്രിയിൽ മണിക്കൂറുകളോളം കാത്തിരുന്ന യുവതി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. യുകെ നോട്ടിങ്ഹാമിലെ ക്യൂൻസ് മെഡിക്കൽ സെന്‍ററിലെ ആക്‌സിഡന്‍റ് ആൻഡ് എമർജൻസി വാർഡിൽ ജനുവരി 19 നായിരുന്നു യുവതി ചികിത്സ തേടിയെത്തിയത്. രണ്ട് മക്കളുടെ അമ്മ കൂടിയായ 39 വയസ്സുകാരിയെ ഏഴു മണിക്കൂറുകൾക്ക് ശേഷം ഡോക്ടറെ കാണാൻ നഴ്സുമാർ വിളിച്ചപ്പോഴേക്കും വിളി കേട്ടിരുന്നില്ല. തുടർന്ന് യുവതി മടങ്ങി പോയെന്ന് ആശുപത്രി ജീവനക്കാർ കരുതി. എന്നാൽ പിന്നീട് വെയ്റ്റിങ് റൂമിലെ കസേരയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ എമർജൻസി വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 22ന് മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ക്വീൻസ് മെഡിക്കൽ സെന്‍റർ ഉൾപ്പെടുന്ന നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് അടിയന്തര അന്വേഷണം ആരംഭിച്ചത്. ‘‘ബുദ്ധിമുട്ടേറിയ സമയത്ത് യുവതിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിൽ അഗാധമായ അനുശോചനങ്ങള്‍ നേരുന്നുവെന്നും കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തുമെന്നും’’ നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കീത്ത് ഗിര്‍ലിങ് പറഞ്ഞു. എന്നാൽ മരണം സംഭവിക്കാൻ ഉണ്ടായ സാഹചര്യത്തെ പറ്റി വ്യക്തത വരുത്തുന്നത് വരെ മറ്റ് പ്രതികരണങ്ങൾ ഉണ്ടാകില്ലെന്ന് ഡോ. കീത്ത് ഗിര്‍ലിങ് കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു