സൂറിക് ∙ എയർബസ് എ 220 വിമാനങ്ങളുടെ വാതിലുകൾ ഇനിമുതൽ ഇന്ത്യ നിർമിക്കും. ബെംഗളൂരുവിലെ ഡൈനമാറ്റിക് ടെക്‌നോളജീസുമായി ഇതുസംബന്ധിച്ച കരാറിൽ എയർബസ് ഒപ്പുവച്ചു. പാസഞ്ചർ, സർവിസ്, കാർഗോ, എമർജൻസി എക്‌സിറ്റ് എന്നീ നാലു വിഭാഗങ്ങളിലായി ഒരു എ 220 എയർക്രാഫ്റ്റിന് എട്ട് വാതിലുകളാണുള്ളത്. ഇതിന്റെ നിർമാണത്തിന് പുറമെ, അസംബ്ലിങ്ങും, സ്പെയർപാർട്സിന്റെ കരാറും ഇന്ത്യൻ കമ്പനിക്കാണ്.
ബെംഗളൂരു ആസ്ഥാനമായ കമ്പനി നേരത്തെ തന്നെ എയർബസിന്റെ നിർമാണ പങ്കാളികളാണ്. എ330, എ320 എയർക്രാഫ്റ്റുകളുടെ ഫ്ലാപ്പ് ട്രാക്ക് ബീം, എ 220ന്റെ കോക്ക്പിറ്റ് എസ്കേപ്പ് ഹാച്ച് ഡോർ എന്നിവയുടെ നിർമാണത്തിലായിരുന്നു ഡൈനമാറ്റിക് ടെക്‌നോളജീസിന്റെ സഹകരണം. ഹെലികോപ്റ്റർ നിർമാണത്തിൽ ടാറ്റ ഗ്രൂപ്പുമായി എയർ ബസ് അടുത്തിടെ ധാരണയായതിന് പുറമെയാണ്, മറ്റൊരു ഇന്ത്യൻ കമ്പനിയുടെ നേട്ടം.
എയർബസ് വിമാനങ്ങളിൽ എല്ലാം തന്നെ ഇന്ത്യൻ നിർമിത ഘടകങ്ങളും സാങ്കേതികവിദ്യകളുമുണ്ട്. എയർബസ് നിർമാണത്തിൽ ഇന്ത്യയുമായുള്ള നിലവിലെ 750 മില്യൻ ഡോളറിന്റെ ബിസിനസ്, വരും വർഷങ്ങളിൽ 1.5 ബില്യൻ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. എ 220 വിമാനങ്ങൾ എയർ ക്രാഫ്റ്റുകളിലെ ഏറ്റവും അത്യാധുനികം എന്നാണ് എയർ ബസ് അവകാശപ്പെടുന്നത്. മുൻ തലമുറ വിമാനങ്ങളെ അപേക്ഷിച്ച് 50% കുറഞ്ഞ ശബ്‌ദം, 25% മികച്ച ഇന്ധനക്ഷമത, 40% കുറഞ്ഞ എമിഷൻ എന്നിവ പ്രത്യേകതകളാണ്.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ വിമാനകമ്പനികൾ, പുതിയ എയർക്രാഫ്റ്റുകൾക്ക് എയർബസിന് വമ്പൻ ഓർഡർ നൽകി കാത്തിരിക്കുമ്പോൾ, ‘മെയ്ക്ക് ഇൻ ഇൻഡ്യ’ യിലൂടെ എയർ ബസിന്റെ നിർമാണത്തിലും ഇന്ത്യ തിളങ്ങുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു