വയനാട്: മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. വെളിച്ചക്കുറവ് തടസമെന്ന് വനംവകുപ്പ്. ദൗത്യത്തിനായി നാല് കുംകിയാനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മല കയറിയ ആന വീണ്ടും ജനവാസമേഖലയിലാണുള്ളത്.
ചാലിഗദ്ദയിൽനിന്നു റേഡിയോ കോളർ സിഗ്നൽ കിട്ടിത്തുടങ്ങിയെന്നും വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റർ പരിധിയിൽ ആനയുണ്ടെന്നും യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് ആന നിലവിലുള്ളതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ആനയെ നിരീക്ഷിക്കാനായി സ്ഥലത്ത് കൂടുതൽ വനവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു.
നാട്ടുകാരുടെ വൻ പ്രതിഷേധത്തിന് പിറകെയാണ് ആനയെ മയക്കുവെടിവയക്കാനുള്ള ഉത്തരവിറക്കിയത്. ദൗത്യത്തിന് വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്. കർണാടക വനംവകുപ്പും പങ്കാളികളാകും. പിടികൂടിയ ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട് ഉൾവനത്തിൽ തുറന്നുവിടാനുമാണ് ആലോചന.
കര്‍ണാടകയില്‍നിന്ന് പിടികൂടി വനത്തിൽ വിട്ട മോഴയാനയാണ് രാവിലെ മാനന്തവാടിയില്‍ എത്തിയത്. ഹാസന് ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ബേലൂര്‍ മാഗ്നയെ മയക്കുവെടിവച്ച് പിടികൂടിയത്.
തുടർന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു.
ഇന്ന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹവുമായി പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് വനംവകുപ്പാണ് ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്.
മരിച്ച അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ ഉടൻതന്നെ നൽകും. 10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കലക്ടർ വ്യക്തമാക്കി.
Read more :
. പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.
. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം
. രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്
















