തിരുവനന്തപുരം: സംസ്ഥാനത്തെ 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപയിലേക്ക്. കഴിഞ്ഞ ഓഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ നൽകിയത്. സെപ്റ്റംബർ മുതൽ ഈ മാസം വരെയായി 6 മാസത്തെ തുക കുടിശികയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ പദ്ധതികൾക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ കഴിയില്ലെന്നുറപ്പാണ്. അങ്ങനെയെങ്കിൽ അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ പെൻഷൻ അതതുമാസം തന്നെ നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം പാലിക്കാനാകാതെ വരികയും ചെയ്യും.
ഈ മാസവും അടുത്ത മാസവുമായി 25,000 കോടി രൂപയെങ്കിലും പദ്ധതിച്ചെലവുകൾക്കും മറ്റുമായി ട്രഷറിയിൽനിന്നു ചെലവാക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കേന്ദ്രം കടമെടുപ്പ് നിയന്ത്രിച്ചതു തിരിച്ചടിയായി. പ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകൾ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കേണ്ടി വരും.
ലോക്സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പെൻഷൻ കുടിശിക ഭാഗികമായെങ്കിലും വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്താനായാൽ 2 മാസത്തെ പെൻഷൻ നൽകാനാകും. ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 775 കോടി രൂപ വേണം. സംസ്ഥാന സർക്കാരിന്റെ മാത്രം പണം കൊണ്ട് 45.11 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. ഇതിനുവേണ്ടത് മാസം 667 കോടി. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്താൽ 7.42 ലക്ഷം പേർക്കു പെൻഷൻ നൽകുന്നുണ്ട്. ഇതിനു കേരളം കണ്ടെത്തേണ്ടത് 19.15 കോടിയാണ്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 5.66 ലക്ഷം പേർക്കു പെൻഷൻ നൽകാൻ 89.40 കോടി രൂപ വേണം. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9000 കോടി വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.
Read also: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോട് ബിജെപി കാണിക്കുന്നത് കപടസ്നേഹം: ബിനോയ് വിശ്വം
ബി.ജെ.പി യെ പിണക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസിൻ്റെ നിലപാട്: പിണറായി വിജയൻ