സൂറിക് ∙ മത വിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം സ്വിറ്റ്സർലൻഡിൽ വർധിക്കുന്നു. ക്രിസ്തുമതത്തിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളില്‍ നിന്നാണ് കൂടുതൽ പേർ വിശ്വാസം ഉപേക്ഷിച്ചിരിക്കുന്നത്. മത വിശ്വാസികളുടെ കണക്കെടുപ്പിൽ ചരിത്രത്തിലാദ്യമായി മത വിശ്വാസമില്ലെന്ന പ്രഖ്യാപിച്ചവർക്ക് ഭൂരിപക്ഷം കിട്ടിയെന്ന്, സ്വിസ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്‍റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
സ്വിസ് ജനതയിലെ 34 ശതമാനം പേരും നിലവിൽ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. കത്തോലിക്കാ വിശ്വാസികൾ 32 ശതമാനവും, പ്രൊട്ടസ്റ്റന്‍റും, മറ്റ് ക്രിസ്തുമത വിഭാഗങ്ങളും ചേർന്നാൽ ഏകദേശം 25 ശതമാനവും എന്നാണ് ഏറ്റവും പുതിയ കണക്കുകൾ. 1970 ൽ സ്വിസ് ജനതയിലെ 96 ശതമാനത്തോളം ക്രിസ്തുമതവിശ്വാസികളായിരുന്നു. 49 ശതമാനം പ്രൊട്ടസ്റ്റന്‍റ്, 47 ശതമാനം കാത്തലിക്കാ വിശ്വാസികൾ എന്നായിരുന്നു അന്നത്തെ കണക്കുകൾ.
2022 ൽ മാത്രം 34561 പേർ കത്തോലിക്കാ സഭയും, 30102 പേർ പ്രൊട്ടസ്റ്റന്‍റ് സഭയും ഉപേക്ഷിച്ചു. വിശ്വാസം ഉപേക്ഷിച്ചവരിലെ ഭൂരിഭാഗവും അർബൻ മേഖലകളിലെ യുവജനങ്ങളാണെന്നാണ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പറയുന്നത്. ‘‘ക്രിസ്തുമതത്തിലെ പ്രധാന സന്ദേശങ്ങൾ സ്വിസ് ജനതയുടെ മനസ്സിൽ നിന്ന് മാറുന്നില്ലെന്നും, എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ആളുകളെ വിശ്വാസത്തിൽ ഉറപ്പിച്ച് നിർത്താൻ സഭകൾ കൂടുതൽ ശ്രദ്ധവെക്കണമെന്നും’’ സ്വിസ് പാസ്‌റ്ററൽ സോഷ്യോളജിക്കൽ ഇൻസ്റ്റ്റ്റിറ്റ്യൂട്ട് വക്താവ് യുവജനങ്ങള്‍ വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു. ക്രിസ്തുമത വിഭാഗങ്ങളുടെ വിശ്വാസികളുടെ എണ്ണത്തിന്‍റെ ഗ്രാഫ് താഴോട്ടാണെങ്കിൽ, മറ്റ് മതങ്ങളുടെ വളർച്ച സാവധാനമാണെങ്കിലും മുകളിലേക്കാണ്. 2000ൽ 3.6 ശതമാനമായിരുന്ന ഇസ്ലാം മതവിശ്വാസികൾ 2022 ൽ 5.9 ശതമാനത്തിലേക്കുയർന്നു. ഇതേകാലയളവിൽ തന്നെ യഹൂദർ 0.7 ൽ നിന്നും 1.3 ലേക്കും. സ്വിസ് ജനതയിലെ 0.6 ശതമാനമാണ് ഹിന്ദുക്കൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു