തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിൽ നടപ്പിലാക്കുന്ന ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളും പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതിയും മാതൃകാപരമാണെന്ന് ലോകബാങ്ക് സംഘം. കേരളം മുന്നോട്ടുവെച്ച് നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങള്‍ ലോകത്തിൽ പലയിടത്തും നടപ്പിലാക്കാവുന്ന മാതൃകയായാണ് ലോകബാങ്ക് കാണുന്നതെന്നും സംഘം പറഞ്ഞു. ഈ പദ്ധതികള്‍ കൂടുതൽ വിപുലവും നൂതനുവുമാക്കാനുള്ള സഹായം ഉറപ്പാക്കുമെന്നും ലോകബാങ്ക് സംഘം തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് ഉറപ്പുനൽകി. റീബിൽഡ് കേരളയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് നിർവഹിക്കുന്ന രണ്ട് പദ്ധതികളുടെ പുരോഗതിയിലും ലോകബാങ്ക് പ്രതിനിധികള്‍ പൂർണ തൃപ്തി രേഖപ്പെടുത്തി. രണ്ട് പദ്ധതികളുടെയും വിപുലമായ പുരോഗതി അവലോകനം നടത്തിയ ശേഷമായിരുന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായി സംഘത്തിന്റെ കൂടിക്കാഴ്ച. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം ഫോർ റിസൾറ്റസിക്ക് കീഴിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻസ്, ഡിസിഎറ്റി ടൂള്‍ ആൻഡ് ഇൻസെന്റിവൈസേഷൻ പദ്ധതികള്‍ പുരോഗമിക്കുന്നത്. പമ്പാ നദീതടത്തിന്റെ ഭാഗമായ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകബാങ്കിന് പുറമേ എ. എഫ് .ഡി (ദി ഫ്രഞ്ച് ഡെവലപ്മെന്റ് ഏജൻസി), എ .ഐ. ഐ. ബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്) എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹായവും പദ്ധതിക്ക് ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി കേരളം മുന്നോട്ടുവെച്ച ആധുനികവും നൂതനവുമായ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും സഹായവും ലോകബാങ്ക് വാഗ്ദാനം ചെയ്തു. കാർബൺ ഫൂട് പ്രിന്റ് കുറയ്ക്കുന്നതിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്ന ‘കാർബൺ ക്രഡിറ്റ്’ സംവിധാനം നടപ്പിലാക്കാനുള്ള സഹായവും ലോകബാങ്ക് സംഘം വാഗ്ദാനം ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി കാർബൺ ഫൂട്പ്രിന്റ് കൃത്യമായി വിശകലനം ചെയ്യാനും രേഖപ്പെടുത്താനുമുള്ള ആധുനിക സംവിധാനം രൂപകൽപ്പന ചെയ്യും. സമഗ്ര നഗരനയം രൂപീകരിക്കാനുള്ള കേരളത്തിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള സന്നദ്ധതയും ലോകബാങ്ക് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങളും വൈദഗ്ധ്യവും കേരളത്തിന്റെ നഗരനയ രൂപീകരണത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യമുക്തമായ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പിന്തുണയും മന്ത്രി സംഘത്തോട് ആവശ്യപ്പെട്ടു.
റീബിൽഡ് കേരള പദ്ധതിയിലെ സുപ്രധാന പദ്ധതികളിലൊന്നാണ് മുനിസിപ്പാലിറ്റികൾക്ക് ദുരന്ത സാധ്യത കൂടി പരിഗണിച്ചു നഗര വികസന രൂപരേഖയും മുൻഗണനാ പ്രവർത്തന പദ്ധതികളും തയ്യാറാക്കുക എന്ന പ്രവർത്തനം. കിലയുടെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്ലാനിങ്ങ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ഈ പദ്ധതി പുരോഗമിക്കുന്നത്. സുസ്ഥിര നഗര വികസനത്തിനുള്ള നിർദേശങ്ങൾക്ക് പുറമേ, ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രകൃതി ദുരന്ത സാധ്യതാ മാപ്പുകൾ പരിഗണിച്ച് ദുരന്ത സാധ്യതാ ലഘൂകരണത്തിനുള്ള വിവിധ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് നഗരസഭകള്‍ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നത്. നീർചാലുകളുടെയും ഡ്രയിനുകളുടെയും ശേഷി വർധിപ്പിക്കൽ, മഴവെള്ളം മണ്ണിൽ താഴ്ന്നിറങ്ങാനുള്ള ശേഷി വർധിപ്പിക്കൽ, ജലാശയങ്ങളുടെയും ചതുപ്പുകളുടെയും സംരക്ഷണം, ദുരന്ത സാധ്യതയെക്കുറിച്ചുള്ള ബോധവൽക്കരണം, ദുരന്തസാധ്യത വളരെയേറിയ പ്രദേശങ്ങളിലെ നിർമ്മാണ നിയന്ത്രണം, നിർമാണം നടത്തുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയൊക്കെ മാസ്റ്റർ പ്ലാനിൽ ഉൾപെടും. നഗരസഭകളിൽ ഈ പ്രവർത്തനം വളരെ വേഗം പുരോഗമിക്കുകയാണ്. ഇതിന് പുറമേ ജർമ്മൻ വികസന ബാങ്കിന്റെ സഹായത്തോടെ നഗര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പഠനവും പുരോഗമിക്കുകയാണ്. 10 മാസമാണ് പഠന കാലാവധി.
ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രാദേശികതലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും കാലാവസ്ഥാ അതിജീവന പ്രവർത്തനങ്ങളും വിലയിരുത്തുകയും അതനുസരിച്ച് സാമ്പത്തിക പ്രോത്സാഹനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകാനുമാണ് DCAT Tool and Incentivisation പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതിയും ഇതിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൈമാറിയ ഓരോ പ്രദേശത്തെയും കാലാവസ്ഥാ ഘടകങ്ങള്‍ (വാർഷിക വർഷപാതം, ദൈനംദിന മഴയുടെ സ്വഭാവം, മാക്സിമം-മിനിമം താപനില, തുടങ്ങിയവ) വിലയിരുത്തി, അവയുടെ ചരിത്രപരമായ മാറ്റങ്ങളും ഭാവിയും പഞ്ചായത്ത് തലത്തിൽ വിശകലനം ചെയ്താണ് പ്രാദേശിക കാലാവസ്താ വ്യതിയാന പദ്ധതികള്‍ രൂപകൽപ്പന ചെയ്തത്. വിവിധ പദ്ധതികളിലൂടെ കാർബൺ പാദമുദ്ര (carbon footprint) കുറച്ചുകൊണ്ടു വരാനും പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി സഹായിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായും അല്ലാതെയും ഉണ്ടാവുന്ന ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും അതിജീവനക്ഷമത നേടുന്നതിനും ഹ്രസ്വകാല – ദീർഘകാല ഇടപെടലുകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി റീബിൽഡ് കേരളയുടെ സഹായത്തോടെ കിലയും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് Disaster and Climate Action Tracker എന്ന ടൂൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി പടിപടിയായി വര്ദ്ധിപ്പിക്കാനുള്ള ഒരുപാധിയാണു Disaster Risk Management and Climate Action Tool (DCAT) പദ്ധതി. ടൂൾ ഉപയോഗിച്ചുള്ള വിലയിരുത്തൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.
ലോകബാങ്ക് ടിടിഎൽ & ലീഡ് അർബൻ സ്പെഷ്യലിസ്റ്റ് ബാലകൃഷ്ണ മേനോൻ, ടിടിഎൽ& ലീഡ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് ദീപക് സിംഗ്, നാറ്റ്സുകോ കികുറ്റാകെ, എലിഫ് അയ്ഹാൻ, വിജയശേഖർ കരവാക്കോണ്ട, അബ്ബാസ് ഝാ, ഫിലിപ് വൈർച്, വിനായക് ഗത്താത്തെ, ദി ഫ്രഞ്ച് ഡവലപ്മെന്റ് അർബൻ ഡവലപ്മെന്റ് ടാസ്ക് ടീം ലീഡ് ജൂലിയൻ ബോഗ്ലിയറ്റോ, ജ്യോതി വിജയൻ നായർ, കാമിലെ സെവെറാക്, കെ എഫ് ഡബ്ല്യൂ സസ്റ്റൈനബിള്‍ ആർബൻ ഡെവലപ്മെന്റ് സെക്ടർ സ്പെഷ്യലിസ്റ്റ് രാഹുൽ മങ്കോടിയ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ചർച്ചയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിളാ മേരി ജോസഫ്, എം ജി രാജമാണിക്യം, മുഹമ്മദ് വൈ സഫറുള്ള, പ്രേംകുമാർ, ദിവ്യാ എസ് അയ്യർ, ജോയ് എളമൺ, സന്ദീപ് കെ ജി, പ്രമോദ് കുമാർ, തുടങ്ങിയവരും പങ്കെടുത്തു.