കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ ബി.എ. ആളൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് ഹൈകോടതി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർജാമ്യം തേടി ആളൂർ നൽകിയ ഹരജിയിലാണ് പൊലീസിന്റെ വിശദീകരണം. ഇതേതുടർന്ന് ജസ്റ്റിസ് പി.ജി. അജിത്കുമാർ ഹരജി തീർപ്പാക്കി.
Read also: ഹരിത കർമ്മ സേനാംഗത്ത നായയെ വിട്ട് കടിപ്പിച്ചെന്നും മർദിച്ചെന്നും പരാതി
കേസിന്റെ കാര്യം സംസാരിക്കാൻ വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ആളൂരിന്റെ എറണാകുളത്തെ ഓഫിസിലെത്തിയപ്പോൾ കടന്നുപിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.
തനിക്കെതിരായ പരാതി വ്യാജമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ആളൂർ മുൻകൂർ ജാമ്യ ഹരജി നൽകിയത്. കോടതി നടപടികൾക്ക് ഹാജരാകുന്നതിൽ മുടക്കം വരുത്തിയ കക്ഷിയോട് വക്കാലത്തൊഴിയുമെന്ന് അറിയിച്ചതാണ് പ്രകോപനമെന്നാണ് ഹരജിയിൽ പറയുന്നത്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തുന്ന രോഗിയാണെന്നും ആളൂർ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ