ശീതകാലം കടുത്തിരിക്കുന്ന ഘട്ടത്തിലും ഭാരത് ജോഡോ യാത്രയില്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്നതിന്റെ പൊരുളെന്ത്? ഉത്തരം തേടി എങ്ങും അലയേണ്ടതില്ല. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിതന്നെ അതിനു സ്വയം ഉത്തരം നല്‍കുകയുണ്ടായി.
രാജ്യമൊട്ടാകെയുള്ള യാത്രക്കിടയില്‍ താന്‍ കണ്ട നാലു കുട്ടികളുടെ കഥ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അത്. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ: ” നാലു കുട്ടികള്‍ എന്റെയടുക്കല്‍ വന്നു. അവര്‍ ഭിക്ഷക്കാരാണ്. അവര്‍ക്ക് തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല… അവര്‍ തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. ഞാനവരെ കെട്ടിപ്പിടിച്ചു. അവര്‍ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നും മനസ്സിലായി. ജാക്കറ്റോ സ്വെറ്ററോ അവര്‍ക്ക് ധരിക്കാനില്ലാത്തപ്പോള്‍ ഞാനെന്തിന് അതു ധരിക്കണം. അതാണ് ഞാന്‍ അതെല്ലാം ഉപേക്ഷിച്ചത്.”
ജോഡോ യാത്രയില്‍ നിന്ന് താന്‍ പല പാഠങ്ങളും പഠിച്ചെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മറ്റൊരു പെണ്‍കുട്ടിയെ കണ്ട കാര്യവും രാഹുല്‍ അനുസ്മരിച്ചു. ” ഞാനൊരുപാട് പാഠങ്ങള്‍ പഠിച്ചു. ഒരുദിവസം എനിക്ക് മുട്ടിനു നല്ല വേദന തോന്നി. ദിവസം ആറേഴു മണിക്കൂര്‍ നടക്കാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, അതു നടക്കാതെ വന്നു. അപ്പോഴാണ് ഒരു പെണ്‍കുട്ടി കാണാന്‍ വന്നത്. തനിക്ക് വായിക്കാനായി താന്‍ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു. അതേല്‍പ്പിച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച ശേഷം അവള്‍ ഓടിപ്പോയി. തുടര്‍ന്ന് ഞാന്‍ ആ കുറിപ്പ് വായിച്ചുനോക്കി.”
” അതിങ്ങനെയായിരുന്നു: താങ്കള്‍ക്ക് മുട്ടുവേദന ഉണ്ടെന്നു എനിക്കുതോന്നി. ആ ഒരു കാലിനു കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നതാണ് കാരണം. ആ മുട്ടുവേദന താങ്കളുടെ മുഖത്ത് വായിച്ചെടുക്കാനായി. എനിക്ക് താങ്കളോടൊപ്പം നടക്കണമെന്നുണ്ട്. പക്ഷേ, അതിനു കഴിയുന്നില്ലെങ്കിലും ഹൃദയംകൊണ്ട് ഞാന്‍ താങ്കളോടൊപ്പമുണ്ട്. എനിക്കുവേണ്ടിയാണ്, എന്റെ ഭാവിക്കുവേണ്ടിയാണ് താങ്കള്‍ നടക്കുന്നതെന്നറിയാം.” ഇതു വായിച്ച് എന്റെ കണ്ണുനിറഞ്ഞുപോയി. ആ നിമിഷം എന്റെ വേദന പമ്പകടന്നു.”-രാഹുല്‍ പറഞ്ഞു.