“കേരള ടു ഗള്‍ഫ്” കപ്പല്‍ സര്‍വ്വീസ് യാഥാര്‍ഥ്യമാകുമോ ?

മലയാളികളുടെ എക്കാലത്തെയും സ്വപ്‌ന ഭൂമിയായ ഗള്‍ഫിലേക്ക് ചിലവുകുറഞ്ഞ കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണ്. ഫെബ്രുവരി 12ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഉന്നതതല യോഗത്തില്‍ കേരളാ ടു ഗള്‍ഫ് സര്‍വ്വീസ് നടത്താന്‍ താല്‍പ്പര്യമുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനികളെ കണ്ടെത്താനുള്ള നടപടിയിലേക്ക് കടക്കും. സ്വകാര്യ കമ്പനികളെ കണ്ടെത്താനായി പത്രപ്പരസ്യം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍, വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുമെന്ന് മാരിടൈം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷൈന്‍ എ ഹഖ് അന്വേഷണം ഡോട്ട്‌കോമിനോട് പറഞ്ഞു. 

ഈ പദ്ധതി നപ്പാക്കുന്നത് അത്ര എളുപ്പമാകില്ല. കേരളം പോലുള്ള സംസ്ഥാനത്തിന് സ്വകാര്യ കപ്പല്‍ കമ്പനികളുമായുള്ള കരാര്‍ എത്രത്തോളം പ്രയോഗികമാകുമെന്നത് വലിയ പ്രശ്‌നമാണ്. പദ്ധതി നടപ്പായാല്‍ വലിയൊരു മാറ്റം ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ പദ്ധതി കാരണമാകുമെന്നും അദ്ദേഹം പറയുന്നു. 12ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ സ്വകാര്യ കപ്പല്‍ കമ്പനികളെ കണ്ടെത്താനുള്ള നടപടിക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ സമീപ ഭാവിയില്‍ത്തന്നെ കേരള ടു ഗള്‍ഫ് ഷിപ്പ് സര്‍വീസ് യാഥാര്‍ഥ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷൈന്‍ എ ഹഖ് പറയുന്നു. 

ഗള്‍ഫ്‌നുകളുമായി മലയാളിക്കും കേരളത്തിനും അഭേദ്യമായ ബന്ധമുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. കേരളം ഇന്നു കാണുന്ന കേരളമാകാന്‍ ഗള്‍ഫ് നാടുകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. അതുപോലെത്തന്നെ ഗള്‍ഫിലെ മണലാരണ്യത്തെ ഇന്നു കാണുന്ന ഗള്‍ഫാക്കി മാറ്റാനും പ്രവാസി മലയാളികളുടെ സംഭാവന ചെറുതല്ല. കാറ്റും കോളും നിറഞ്ഞ കടലിലൂടെ ഉരുവിലേറിയാണ് പ്രവാസി മലയാളികളുടെ ആദ്യ തലമുറകള്‍ ഗള്‍ഫ് നാടുകിലേക്ക് എത്തിപ്പെട്ടത്. തീരത്തോടടുത്ത് നങ്കൂരമിടുന്ന ഉരുവില്‍ നിന്നും കരയിലേക്ക് നീന്തിക്കയറിയും, ചെറു വള്ളങ്ങളിലുമായി അറേബ്യന്‍ മണ്ണില്‍ കാല്‍തൊട്ട ബഹുവര്‍ണ്ണക്കഥകള്‍ ഇന്നും കേള്‍ക്കാറുണ്ട്. 

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയിച്ച പത്തേമാരി എന്ന ചിത്രത്തില്‍ അന്നത്തെയാത്രകളും പ്രവാസിയുടെ ജീവിതങ്ങളും കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ട്. പ്രഥ്വിരാജിന്റെ ആടി ജീവിതവും, മോഹന്‍ലാല്‍ ശ്രനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന നാടോടിക്കാറ്റും, ലാല്‍ ജോസിന്റെ അറബിക്കഥയും ഗള്‍ഫിനെയും മലയാളിയെയും ചേര്‍ത്തു വച്ചിട്ടുണ്ട്. സ്വന്തം ജീവിതം ഗള്‍ഫിനു കൊടുത്തിട്ട്, നാട്ടിലെ കുടുംബത്തെ സുഭിക്ഷമായി ജീവിക്കാന്‍ അനുവദിച്ച എത്രയെത്ര പ്രവാസി മലയാളികളുടെ പൊള്ളുന്ന കഥകളാണ് കേട്ടിരിക്കുന്നത്. അവിടെയെല്ലാം പ്രവാസികളുടെ യാത്രയും കടന്നു വരുന്നുണ്ട്. 

പണ്ടുകാലത്തെ ഉരുവിന് പകരം കപ്പലിലേറി ബോംബെ വഴി ഗള്‍ഫിലേക്ക് യാത്ര നടത്തിയ വലിയ കാശുകാരും കുറവല്ലായിരുന്നു. എന്നാല്‍, എയര്‍ സര്‍വീസുകള്‍ സാധാരണമായതോടെ കപ്പല്‍ യാത്രകള്‍ക്ക് പൊതുവേ ഡിമാന്റ് ഇല്ലാതായി. കടലും കരയും തൊട്ട് യാത്ര ചെയ്തവര്‍ ആകാശത്തിലൂടെ ഗള്‍ഫ് തൊടാന്‍ ശീലിച്ചു. സമയ ലാഭമായിരുന്നു ആകാശ യാത്രകളെ കൂടുതല്‍ ജനകീയമാക്കിയത്. എന്നാല്‍, താങ്ങാവുന്നതിലും വലിയ ടിക്കറ്റ് നിരക്ക് പ്രവാസി മലയാളികളെ ചക്രശ്വാസം വലിപ്പിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള ആലോചന. 

കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സുഖകരമായ യാത്രാനുഭവം നല്‍കുന്ന കപ്പല്‍ യാത്ര പ്രവാസികള്‍ക്ക് വലിയ അനുംഗ്രഹമാണ്. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ വീണ്ടും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നതോടെ ആശ്വസിക്കുന്ന എത്രയോ കുടുംബങ്ങളാണുള്ളത്. ഇത്തരമൊരു വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിലപാട് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സര്‍വ്വീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചുവെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ലോക്‌സഭയില്‍ പറഞ്ഞത്. ഹൈബി ഈഡന്‍ എം.പിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. 

തുടര്‍ന്ന്, 2023 ഒക്‌ടോബറില്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ കപ്പല്‍ സര്‍വ്വീസിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ മാരിടൈം ബോര്‍ഡിനേയും നോര്‍ക്കയേയും ചുമതലപ്പെടുത്തി. എന്നാല്‍, കപ്പല്‍ കമ്പനികളെ ക്ഷണിച്ചു കൊണ്ടുള്ള പത്രപ്പരസ്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി മുന്നോ്ു കൊണ്ടു പോകുമെന്നായിരുന്നു മാരിടൈം ബോര്‍ഡും നോര്‍ക്കയും അറിയിച്ചിരുന്നത്. വരുന്ന 12ന് നക്കുന്ന യോഗത്തില്‍ പത്രപ്പരസ്യം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെയ്ക്കുന്നുണ്ട്. 

ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവര്‍, അനുയോജ്യമായ കപ്പലുകള്‍ കൈവശം ഉള്ളവര്‍, ഇത്തരം സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ എന്നിവര്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിച്ചാല്‍ പ്രവാസികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായി മാറും. യാത്രാ സമയം കൂടുമെങ്കിലും വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ യാത്രാകൂലി മതിയാകും. അതോടൊപ്പം തന്നെ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുവരാനും സാധിക്കും. കപ്പല്‍ യാത്രയില്‍ ടൂറിസം രംഗത്തും സാധ്യതകള്‍ അനവധിയാണ്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍ എന്നിവയും മൂന്ന് ദിവസത്തെ യാത്രയിലുണ്ടാകും. 

ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമുള്ള യാത്രക്ക് കേവലം പതിനായിരം രൂപയെ ചെലവാകൂ. ഒരു ട്രിപ്പില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകും. കപ്പല്‍ യാത്രയില്‍ കൂടുതല്‍ യാത്രക്കാരെയും, ചെലവു കുറവുമായതിനാല്‍ നിരവധിപ്പോര്‍ ഗള്‍ഫിലേക്ക് പോകാനും തൊഴില്‍ സാധ്യത വര്‍ദ്ധിക്കാനും ഇടയുണ്ട്. തിരുവനന്തപുരം-ഡെല്‍ഹി ട്രെയില്‍ യാത്ര പോലെയാണ് കേരളം-ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ യാത്രയും. മൂന്നു ദിവസം കൊണ്ട് ഗള്‍ഫിലെത്താനാകും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക