ലണ്ടൻ∙ സൗത്ത് ലണ്ടനിലെ ക്ലാപ്പമിൽ യുവതിക്കും രണ്ട് പെൺകുട്ടികൾക്കും നേരേയുണ്ടായ കെമിക്കൽ ആക്രമണത്തിൽ നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ യാത്രകൾ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ ദൃശ്യമായിട്ടും ഇനിയും പ്രതിയെ പിടികൂടാനാകാത്തത് മെട്രോപൊളിറ്റൻ പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതിയെ പിടികൂടാൻ കഴിയുന്ന തരത്തിൽ വ്യക്തമായ സൂചനകൾ നൽകുന്നവർക്ക് പൊലീസ് 20,000 പൗണ്ട് പാരിതോഷികം വരെ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾക്കും31 വയസ്സുള്ള അമ്മയ്ക്കും നേരേ ഒരാൾ രാസവസ്തുക്കൾകൊണ്ട് ആക്രമണം നടത്തിയത്. ആസിഡ് ആക്രണമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ഗുരുതരമായ പൊള്ളലേൽക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അക്രമി ന്യൂകാസിൽ നിന്നെത്തിയ അബ്ദുൾ ഷുക്കൂർ ഇസീദിയാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ യുവതിയും കുട്ടികളും ഇപ്പോഴും ആശുപത്രിയിലാണ്. യുവതിയുടെ നില ഗുരുതരമാണ്. എന്നാൽ കുട്ടികൾ അപകടാവസ്ഥ തരണം ചെയ്തു എന്നാണ് മെട്രോപൊളിറ്റൻ പൊലീസ് കമാൻഡർ ജോൺ സാവെൽ വ്യക്തമാക്കിയത്. ആക്രമണം നടത്തിയ പ്രതി ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് ലണ്ടൻ കിങ് ക്രോസ് സ്റ്റേഷനിൽ നിന്നും വിക്ടോറിയ ലൈനിൽ കയറിയതായാണ് ഒടുവിൽ ലഭിച്ചിട്ടുള്ള വിവരം. 2016ൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു ലോറിയിൽ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയാണ്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ലണ്ടനിലെത്തി അക്രമം നടത്താനുള്ള കാരണം വ്യക്തമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു