കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎയെ പൊതുവേദിയിൽ അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.
അന്വേഷണവുമായി സഹകരിക്കാൻ സാബു എം ജേക്കബിന് കോടതി നിർദേശം നൽകി. കേസിൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ കൃത്യമായ നോട്ടീസ് നൽകണമെന്നും ഹൈക്കോടതി പൊലീസിനോട് പറഞ്ഞു.
പി.വി.ശ്രീനിജിൻ എംഎൽഎയെ അപമാനിച്ച സംഭവത്തിൽ പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനാണ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ഈ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീനിജിനെ സാബു എം.ജേക്കബ് അവഹേളിച്ചതെന്നാണ് പരാതി. ഹൈക്കോടതി ഇടപെട്ടാണ് കോലഞ്ചേരിയിലെ സമ്മേളനത്തിന് അവസാന നിമിഷം അനുമതി നൽകിയത്. സമ്മേളനത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചതിനെതിരെ ട്വന്റി20 ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്. അനുമതി നിഷേധത്തിനു പിന്നിൽ ശ്രീനിജിൻ ആണെന്നായിരുന്നു ട്വന്റി20യുടെ ആരോപണം.
പ്രസംഗത്തിലൂടെ സാബു എം.ജേക്കബ് ശ്രീനിജിനെ അവഹേളിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബുവിനെതിരെ ശ്രീനിജിൻ മുൻപും പരാതിപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളിൽ പരിപാടികൾക്ക് ചെല്ലുമ്പോൾ ട്വന്റി20 അംഗങ്ങളായ ഭരണസമിതി അംഗങ്ങൾ വേദിയിൽനിന്ന് ഇറങ്ങിപ്പോവുന്നത് ജാതി അധിക്ഷേപമായി കണക്കാക്കണം എന്നായിരുന്നു ശ്രീനിജിന്റെ ആവശ്യം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















