ലണ്ടൻ∙ ലണ്ടൻ ക്ലിനിക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബ്രിട്ടനിലെ ചാൾസ് രാജാവും പ്രിൻസസ് ഓഫ് വെയിൽസ് കെയ്റ്റ് രാജകുമാരിയും ആശുപത്രി വിട്ടു. ഇന്നലെയാണ് ഇരുവരും ചികിൽസയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങിയത്. പോസ്ട്രേറ്റ് ചികിൽസയ്ക്കായാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മൂന്നു രാത്രി ആശുപത്രിയിൽ ചെലവഴിച്ച അദ്ദേഹം ചികിൽസാ നടപടികൾ പൂർത്തിയാക്കി സന്തോഷവാനായാണ് കൊട്ടാരത്തിലേക്ക് മടങ്ങിയത്. ഭാര്യ കാമിലയ്ക്കൊപ്പം കാറിൽ മടങ്ങവേ മാധ്യമപ്രവർത്തകരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തും ചിരിച്ച് സന്തോഷവാനായുമാണ് രാജാവ് മടങ്ങിയത്. ഏതാനും ദിവസത്തേക്ക് രാജാവ് പൊതു പരിപാടികൾ ഒഴിവാക്കുമെന്ന് ബക്കിങ്ഹാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. നാലു മുതൽ ആറാഴ്ചവരയുള്ള വിശ്രമമാണ് സാധാരണ ഇത്തരം സർജിക്കൽ നടപടികളിൽ വേണ്ടിവരിക. കൺസൾട്ടന്റ് യൂറോളജിക്കൽ സർജൻ റിക്ക് പോപെർട്ടിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് രാജാവിനെ ചികിത്സിച്ചത്.
ഇന്നലെ രാവിലെ 13 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കെയ്റ്റ് രാജകുമാരിയും വിൻസർ കൊട്ടാരത്തിലേക്ക് മടങ്ങിയിരുന്നു. ഉദരസംബന്ധമായ ശസ്ത്രക്രിയ്ക്കാണ് രാജകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ക്രിസ്മസിനുശേഷം കെയ്റ്റ് പൊതു പരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുകയാണ്. ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴും ചികിത്സ കഴിഞ്ഞ് മടങ്ങിയപ്പോഴും മാധ്യമങ്ങൾക്കു മുഖം നൽകാതെയായിരുന്നു കെയ്റ്റിന്റെ യാത്രകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു