Gandhi Ji ഹേ റാം; ഗാന്ധി മരിച്ചതല്ല ,കൊന്നതാണ്

“പ്രാര്‍ത്ഥനയ്ക്കായന്നു ഞാന്‍ പോകവേ, മതിഭ്രമം മൂര്‍ത്തിയാര്‍ന്നപോലെന്റെ മുന്നില്‍ നീയെത്തീ വത്സ, കാല്‍തോടാനല്ല, കൈത്തോക്കെടുക്കാന്‍ കുനിഞ്ഞു നീ കാരീയത്തീയുണ്ടപ്പൂവെന്മാറില്‍ ചൊരിഞ്ഞു നീ, നിന്നിലെയശക്തിയിലാന്ധ്യത്തിലഹന്തയില്‍, ഖിന്നനായ് ദയാര്‍ദ്രനായ് ഹാ റാം എന്നാക്രന്തിച്ചേന്‍ “

എൻ വി കൃഷ്ണവാര്യർ {ഗാന്ധിയും ഗോഡ്‌സയും}

ഗാന്ധിയുടെ 76 മത്തെ രക്തസാക്ഷി ദിനമാണിന്ന്. 1948 ജനുവരി 30 നു സർദാർ വല്ലഭായി പട്ടേലുമായിട്ടുള്ള സംഭാഷണത്തിന് ശേഷം ഗാന്ധി പ്രാർത്ഥിക്കുവാൻ വേണ്ടി ബിർള മന്ദിരത്തിലേക്ക് പോകുകയായിരുന്നു. പെട്ടന്നാണ് ഗാന്ധിജിയുടെ മുന്നിലേക്ക് നിർമൽ ചന്ദ്ര ചാറ്റർജിയുടെ ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ കടന്നു വന്നത്. പൊതുവെ സൗമ്യനും, അഹിംസാവാദിയുമായ ഗാന്ധിക്ക് അയാളുടെ വരവിൽ സംശയമൊന്നും തോന്നീയിരുന്നില്ല.

ഗാന്ധിജിയുടെ കാൽ തൊട്ട് വണങ്ങാൻ എന്ന വ്യാജേന കുനിഞ്ഞ ഗോഡ്‌സെ കാഞ്ചി വലിച്ചു,പിസ്റ്റലിൽ നിന്നും തുളച്ചു കയറിയ വെടിയുണ്ടകൾ കൊണ്ട് ഗോഡ്‌സെ ഗാന്ധിയെ കൊന്നു. ആവർത്തിച്ചു പറയട്ടെ നിങ്ങളൊരിക്കലും ഗാന്ധി മരിച്ചുവെന്ന് പറയാതിരിക്കു. ഹിന്ദുത്വ വാദിയായ ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ നിഷ്ക്കരുണം കൊലപ്പെടുത്തിയതാണ്.

1944ൽ പൂനെയിൽ കഠാരയുമായി ഗാന്ധിക്കുനേരെ ഒരിക്കൽ ഗോഡ്സെ പാഞ്ഞടുത്തിട്ടുണ്ട്. ഇതുൾപ്പെടെ രണ്ടു തവണ തലനാരിഴയ്ക്ക് ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ട ഗാന്ധിജി ഗോഡ്സെയോട് ക്ഷമിക്കുകയും ഏഴ് ദിവസം തനിക്കൊപ്പം കഴിയാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.

രാജ്യത്തെ ഹിന്ദു-മുസ്‍ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച ഗാന്ധി ഹിന്ദുത്വവാദികൾക്ക് എത്രത്തോളം തലവേദനയായിരുന്നുവെന്നു വർഷങ്ങൾ കാത്തിരുന്ന് ലക്ഷ്യപ്രാപ്തി നേടിയ ഗോഡ്സെയും അയാൾ പ്രതിനിധാനം ചെയ്ത സംഘടനയും ചരിത്രത്തിൽ നിന്നും മാഞ്ഞു പോകില്ല 

ഗാന്ധിവധ കേസിൽ  ആറാം പ്രതിയായിരുന്നു സവര്‍ക്കര്‍. 1948 ഫെബ്രുവരി 22- നു അറസ്റ് ചെയ്യപ്പെട്ടു. ജയിലില്‍ കഴിയവേ സവർക്കർ  ബോംബെ പോലീസ് കമ്മീഷണര്‍ക്ക് ഒരു കത്തെഴുതി. കത്തിന്റെ സാരാംശം ഇങ്ങനെയായിരുന്നു . ”എന്നെ ജയില്‍ മോചിതനാക്കുമെങ്കില്‍, എന്റെ പേരിലുളള എല്ലാ സംശയങ്ങളും തീരുന്നതുവരെ, ഇനിയൊരു സാമുദായികമോ രാഷ്ട്രീയമോ ആയ ഒരു പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാലയളവ് വരെ പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാം”.

ഗാന്ധി വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് 1948 ജനുവരി 14ന് ഹിന്ദു മഹാസഭയുടെ മൂന്ന് പ്രധാന നേതാക്കള്‍ സവര്‍ക്കര്‍ സദനിലെത്തുന്നു. ദിഗംബര്‍ ബാഡ്ജിനോടൊപ്പം നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുമായിരുന്നു കൂടെയുണ്ടായിരുന്നത്. 

ദിഗംബര്‍ ബാഡ്ജിനോട് പുറത്തുനില്‍ക്കാന്‍ പറഞ്ഞുകൊണ്ട്, അയാളില്‍നിന്ന് ഗ്രനേഡും മറ്റ് ആയുധ സാമഗ്രികളും എടുത്തുകൊണ്ട് നാരായണ്‍ ആപ്‌തെ ഗോഡ്‌സെയുടെ കൂടെ സവര്‍ക്കറെ കാണാന്‍ പോയി.

കോടതിയില്‍ ജഡ്ജി ആത്മചരനിന് ബാഡ്ജ് മൊഴിനല്‍കി. ”ആപ്‌തെയും ഗോഡ്‌സെയും മുറിയില്‍നിന്നിറങ്ങുമ്പോള്‍ വിജയിച്ചുവരൂ എന്ന് സവര്‍ക്കര്‍ പറയുന്നത് കേട്ടു,” എന്നായിരുന്നു മാപ്പുസാക്ഷിയുടെ മൊഴി. ഇതിന് അനുബന്ധമായി തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതുകൊണ്ട് സവര്‍ക്കര്‍ ശിക്ഷിക്കപ്പെടാതെ വിട്ടയയ്ക്കപ്പെട്ടു.

പിന്നീട് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജീവന്‍ലാല്‍ കപുറിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷന്‍ 1969ല്‍ നിയോഗിക്കപ്പെട്ടു. കോടതിയില്‍ ഹാജരാക്കാത്ത തെളിവുകളാണ് കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.

സവര്‍ക്കറിന്റെ രണ്ട് അടുത്തയാളുകളുടെ മൊഴിയായിരുന്നു അത്. സവര്‍ക്കറിന്റെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന അപ്പ രാമചന്ദ്ര കസാറിന്റെയും അയാളുടെ സെക്രട്ടറി ഗജ്‌നാന്‍ വിഷ്ണു ധാംലെയുടെയും മൊഴികളായിരുന്നു ഏറ്റവും കൂടുതൽ ഈ കേസിനെ സഹായിച്ചത്.

ഗാന്ധിവധ ഗൂഢാലോചന കേസില്‍നിന്ന് തലനാരിഴയ്ക്കാണ് വി ഡി സവര്‍ക്കര്‍ രക്ഷപ്പെട്ടത്അ. മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ നീതി കിട്ടുക സാധ്യമല്ലായിരുന്നു. ഇന്ത്യയ്ക്ക് നീതി വാങ്ങി തന്ന ഗാന്ധിയ്ക്ക് നീതി ലഭിക്കാതെ പോയതിനു കാരണം ഇവിടുത്തെ ഹിന്ദുത്വ വാദമാണ്. “ഒരു രാജ്യത്തെ മുഴുവൻ ആളുകളും ഒരേ മതത്തിപ്പെട്ടവരായാലും രാഷ്ട്രത്തിനു മതം ആവിശ്യമില്ലായെന്നു” ആവർത്തിച്ചു പറഞ്ഞ വ്യക്തിയാണ് മഹാത്മാഗാന്ധി.

ഗാന്ധിജി ഇന്ത്യയിൽ കുടിയേറി വന്ന ബ്രിട്ടീഷുകാരോട് മാത്രമല്ലായിരുന്നില്ല  പോരാട്ടം നടത്തിയത്. ഇന്ത്യയുടെ  ഇരുണ്ട കാലത്തിലേക്ക് കൂടിയാണ് അദ്ദേഹം വെളിച്ചം പകർന്നത്.

ജാതിയും, മതവും മൂലം മനുഷ്യരെ അകറ്റി നിർത്തിയിരുന്ന സാമൂഹിക സാഹചര്യത്തിലാണ് ഗാന്ധി വിവിധ ജാതിയിലും മതത്തിലുമുള്ള മനുഷ്യരെ ഒന്നിച്ചു ചേർത്തു നിർത്തിയത്. ഹരിജൻ എന്ന അഭിസംബോധനയിലൂടെ ഗാന്ധി ചെയ്തത് ഏറ്റവും കുടിലമായ ചിന്തകളിലൂന്നിയ സവർണ്ണ മേധാവിത്വത്തെ തച്ചുടയ്ക്കുക എന്നതായിരുന്നു  ഇന്ത്യയുടെ പൗരാണിക മൂല്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ട് അഹിംസയിലൂടെയും സ്വാതന്ത്ര്യം നേടാമെന്ന തത്വമായിരുന്നു മഹാത്മാ ഗാന്ധി സ്വീകരിച്ചിരുന്നത്. 

നിരവധി പോരാട്ടങ്ങൾ നടത്തിയും, ഒരു കരണത്തിന് ബദലായി മറു കരണം കൊടുത്തും, വിദ്യാഭാസം നൽകിയും ഗാന്ധി സമൂഹത്തെ പരിഷ്ക്കരിക്കാൻ ശ്രമിച്ചു. അടിച്ചമർത്തപ്പെട്ട ഇടങ്ങളിൽ നിന്നും മനുഷ്യരോട് എഴുന്നേറ്റു നിന്ന് സമരം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

അനേകം മനുഷ്യർ തങ്ങൾക്കൊരു നേതാവിനെ ലഭിച്ച ധൈര്യത്തിൽ ഉരിയരി പോലും കിട്ടാനില്ല പൊന്നു കൊടുത്താലും ഉദയാസ്തമനം പീടിക മുന്നിൽ നിന്ന് നരച്ചാലും എന്ന മുദ്രവാക്യങ്ങൾ മുഷ്ടി ചുരുട്ടി വിളിച്ചു. ഗാന്ധി മനുഷ്യരുടെ അഭയം കൂടിയായിരുന്നു. 

read also മാനസികാരോഗ്യശുപത്രിയിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് 20000 രോഗികൾ

ഇന്ത്യയുടെ ആത്മാവ് സ്വാതന്ത്ര്യപ്പെടുവാൻ കാരണമായ മഹാത്മാവിനെ ഓരോ നിമിഷത്തിലും ഇന്ത്യ ഓർത്ത് കൊണ്ടിരിക്കും. പാഠപുസ്തകങ്ങളിൽ നിന്നും ഗാന്ധിയും, ഗാന്ധിയുടെ വധവും എടുത്തു കളയപ്പെടുന്ന ഈ കാലത്ത് ഗാന്ധിയുടെ ജീവിതം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്.

ഇന്ത്യൻ ഭരണന ഘടനയിൽ നിന്നുവരെ വാക്കുകൾ എടുത്തു കളയാൻ മടിയില്ലാത്ത ഭരണാധികാരികൾ മൂലമാണ് നമ്മൾ ഭരിക്കപ്പെടുന്നതെന്ന യാഥാർഥ്യം ഓരോ ജനാതിപത്യ വാദികളും മറക്കാതിരിക്കട്ടെ .

“മനുഷ്യൻ അവന്റെ ചിന്തകളുടെ ഉത്പന്നമാണ് അവൻ ചിന്തിക്കുന്നതെന്തോ അതാണവൻ ആയി തീരുന്നത് “
ഗാന്ധിജി