പൊതു സമൂഹ ധാരണകളുടെ ചട്ടക്കൂടുകൾ തകർത്ത് കൊണ്ട് 75 മത് റിപ്പബ്ലിക്ക് ദിന പരേഡിൽ എല്ലാ മേഖലകളിലും സ്ത്രീകൾ ഭൂരിപക്ഷ പങ്കെടുക്കൽ നടന്നു. രാജ്യത്തിന്റെ സായുധസേന ഉൾപ്പടെ എല്ലാ മേഖലകളിലും സ്ത്രീ പ്രാധിനിത്യമായിരുന്നു കാണാൻ കഴിഞ്ഞത്. സ്ത്രീ മുന്നേറ്റത്തിന്റെയും, ജെൻഡർ ഇക്വാളിറ്റിയുടെയും ഭാഗമായാണ് ഇത്തത്തിലൊരു ചുവടു വയ്പ്പ് നടത്തിയത്.
പരേഡ്, ഗ്രൗണ്ടിൽ ട്രൂപ്പുകളും പൈലറ്റുമാരും ഉൾപ്പെടെ വിവിധ റോളുകളിൽ സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു കാണാൻ കഴിഞ്ഞത് . സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്) ൽ വനിതകളുടെ ഒരു വൻ നിര തന്നെയുണ്ടായിരുന്നു.
നൂറിലധികം കലാകാരികളാണ് പരമ്പരാഗത ഇന്ത്യൻ സംഗീതോപകരങ്ങൾ വായിച്ചു പരേഡിനെ മനോഹരമാക്കിയത്. ചരിത്രത്തിലാദ്യമായി ഡൽഹി പോലീസ് സ്ത്രീകൾ മാത്രം നടത്തുന്നൊരു പരേഡിന് സാക്ഷ്യം വഹിച്ചു എന്ന് അഭിപ്രായപ്പെടുന്നു.
ക്യാപ്റ്റൻ സന്ധ്യ മഹ്‌ലയാണ് വനിതാ ട്രൈ-സർവീസ് മാർച്ചിംഗ് സംഘത്തിനു നേതൃത്വം നൽകിയത്. മേജർ ദിവ്യ ത്യാഗി ബോംബെ എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെൻ്റർ എന്നറിയപ്പെടുന്ന ബോംബെ സാപ്പേഴ്‌സിൻ്റെ പുരുഷന്മാരുടെ സംഘത്തിന് നേതൃത്വം നൽകി.
ഇന്ത്യൻ ആർമി മേജർ സൃഷ്ടി ഖുല്ലറിൻ്റെ നേതൃത്വത്തിലായിരുന്നു വനിതാ സായുധ സേനാ മെഡിക്കൽ സർവീസസ് പരേഡിലേക്ക് പ്രവേശിച്ചത്. 144 എയർമാൻമാരും നാല് ഓഫീസർമാരും അടങ്ങുന്ന ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) സംഘത്തെ നയിച്ചത് സ്ക്വാഡ്രൺ ലീഡർ രശ്മി താക്കൂറാണ്.
കടലിലെ സെൻ്റിനലുകൾ’ എന്നറിയപ്പെടുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ നയിച്ചത് അസിസ്റ്റൻ്റ് കമാൻഡൻ്റ് ചുനൗതി ശർമ്മയാണ്. ആർട്ടിലറി റെജിമെൻ്റിൻ്റെ ലെഫ്റ്റനൻ്റുമാരായ ദീപ്തി റാണയും പ്രിയങ്ക സെവ്ദയും റഡാറിന്റെയും, റോക്കറ്റ് സിസ്റ്റത്തിന്റെയും പരേഡിന് മുന്പന്തിയിലുണ്ടായിരുന്നു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) 200-ലധികം വനിതാ ഉദ്യോഗസ്ഥരാണ് പരേഡിന് നേതൃത്വം വഹിച്ചത്.
സുനിത ജെനയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡിആർഡിഒ) Women Power in protecting the nation by providing the defence technologies in all five dimensions എന്ന പ്രമേയത്തോടു കൂടിയായിരുന്നു പരേഡ് നടത്തിയത്. ഒഡീഷ, മണിപ്പൂർ, ഝാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീശാക്തീകരണത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഉണ്ടായിരുന്നു. ഏകദേശം 265 സ്ത്രീകളാണ് ബൈക്കിൽ പരേഡിനെ മനോഹരമാക്കിയത്. ഇവ കേവലം സ്ത്രീകളുടെ പങ്കെടുക്കൽ മാത്രമല്ല , സ്ത്രീകൾ അവരുടെ നിലപാടും പ്രാതിനിത്യവും ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്തത്.
നാഷണൽ സർവീസ് സ്‌കീമിൻ്റെ (എൻഎസ്എസ്) 200 പേരടങ്ങുന്ന വനിതാ വോളണ്ടിയർമാറായിരുന്നു പരേഡിൽ പങ്കെടുത്തത് . ഗുവാഹത്തിയിലെ എൻഎസ്എസിൻ്റെ റീജിയണൽ ഡയറക്ടറേറ്റിലെ സിക്കിമിൽ നിന്ന് റാഗിന തമാങ്ങിൻ്റെ നേതൃത്വത്തിലാണ് സംഘം മാർച്ച് ചെയ്തത്. 657 യൂണിറ്റിൽ നിന്നും എൻ എസ് എസ് പങ്കെടുപ്പിച്ചത് 3 .9 ദശലക്ഷം വോളണ്ടീയർമാരെയാണ്.
657 സർവ്വകലാശാലകൾ, 51 ഡയറക്‌ടറേറ്റുകൾ, രണ്ട് കൗൺസിലുകൾ, 20,669 കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 11,998 സീനിയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവയിൽ നിന്നായി 3.9 ദശലക്ഷം വോളണ്ടിയർമാരാണ് എൻഎസ്എസിന് ഉള്ളത്.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു മുഖ്യാതിഥിയായി എത്തിയത്. ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പ്രമേയം ‘രാജ്യത്തിൻ്റെ സ്ത്രീശക്തിയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിക്കാട്ടുക‘ എന്നതായിരുന്നു. ഒപ്പം ദേശീയ സുരക്ഷയും, വികസനവും ലക്‌ഷ്യം വയ്ക്കുന്നുണ്ടെന്നും തുറന്നു കാട്ടുന്ന തരത്തിലായിരുന്നു പരേഡ് സന്ദേശങ്ങൾ.
ചരിത്രത്തിലാദ്യമായാണ് ഒരു റിപ്പബ്ലിക്ക് ദിന പരേഡിൽ ഇത്രയും സ്ത്രീകൾ ഒരുമിച്ചു പങ്കെടുക്കുന്നത്. സ്ത്രീ പ്രധിനിത്യവും, തുല്യതയും ഉയർത്തി കാട്ടിയ പരേഡിന്റെ സന്ദേശ സമവാക്യങ്ങൾ രാജ്യത്തിൽ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കാം.