ഊണിനു ഒഴിക്കാൻ കറികളൊന്നുമില്ലങ്കിൽ പലർക്കും പരിഭവമാണ്. എന്നാൽ സ്ഥിരം രാസവയം മോരും പരിപ്പുമൊക്കെയായാലും മടുപ്പ് തോന്നില്ലേ? ഇതാ അടുക്കളയിലെ എളുപ്പം കിട്ടുന്നവാ കൊണ്ടൊരു എളുപ്പക്കറി. സോങ്ക് ഒരു കൊങ്കിണി കറിയാണ്. ഇവ ചോറിനൊപ്പവും, ചപ്പാത്തിക്കൊപ്പവും കഴിക്കാം
ചേരുവകൾ
- ഉരുളക്കിഴങ്ങ് 2 വലുത്
- സവാള 3 ഇടത്തരം
- വറ്റൽ മുളക് 10 – 12 എണ്ണം
- മല്ലി 1 ടീസ്പൂൺ
- വാളൻ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
- കടുക് 1 ടീസ്പൂൺ
- വെളിച്ചെണ്ണ 2 – 3 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും സവാളയും ചെറു ചതുര കഷ്ണങ്ങൾ ആക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, അതിൽ കടുക് ചേർത്ത് പൊട്ടിക്കുക.
ഇതിലേക്ക് സവാള ചേർത്ത് ഉപ്പുമിട്ട് വഴറ്റുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ഉരുളക്കിഴങ്ങ് ചേർക്കാം.
നന്നായൊന്ന് വഴറ്റി ഇതിലേക്ക് ഒരു കപ്പ് വെള്ളവുമൊഴിച്ചു തിള വരുമ്പോൾ ചെറുതീയിൽ അടച്ചു വെച്ച് വേവിയ്‌ക്കുക. ഇനി ഒരൽപം എണ്ണയിൽ വറ്റൽ മുളക് ചെറുതീയിൽ വറുത്തെടുക്കുക. വറുത്ത വറ്റൽ മുളകും മല്ലിയും പുളിയും നന്നായി അരച്ചെടുക്കുക. ശ്രദ്ധിക്കുക, മല്ലി വറുക്കേണ്ടതില്ല. പാതി വെന്ത ഉരുളക്കിഴങ്ങ് കൂട്ടിലേക്ക് ഈ അരപ്പ് ചേർത്ത് ഇളക്കുക. ചെറുതീയിൽ തന്നെ ചാറ് കുറുകി ഉരുളക്കിഴങ്ങ് വെന്തു പാകമാകും വരേ പാകം ചെയ്യാം. ഒരല്പം ചാറോടു കൂടെ സോങ്ക് തയ്യാറാക്കാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















