ഇടുക്കി: മാത്യു കുഴല്‍നാടൻറെ കൈവശം ചിന്നക്കനാലില്‍ 50 സെൻറ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് കണ്ടെത്തല്‍ ശരി വെച്ച് റവന്യൂ വകുപ്പ്.ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസില്‍ദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കി.ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്‍റ് അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. മാത്യുവിൻറെ മൊഴിയെടുത്ത ശേഷണാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിൻറെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴല്‍നാടന്‍റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരക്കണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് തഹസില്‍ദാർ ജില്ല കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നല്‍കുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്ന് മാത്യു കുഴല്‍ നാടൻ പറഞ്ഞു. കേസില്‍ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.