കീഴടങ്ങാന്‍ സമയം വേണമെന്ന ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ അപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതിപരിഗണിക്കും. ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് 11 കുറ്റവാളികളില്‍ ഏഴ് പേരും സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കുന്നതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. അടിയന്തര പരാമര്‍ശത്തിനിടെ ജസ്റ്റിസ് ബിവി നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് അഭിഭാഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് അടിയന്തര വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കാന്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.
ബില്‍ക്കിസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജനുവരി 8 ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൂടാതെ 11 പേരും രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി പറഞ്ഞു. 2002 ലെ കലാപത്തില്‍ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളില്‍ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ വിധി വന്നത്. കുറ്റവാളികൾ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നും, ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കുറ്റവാളികളിലൊരാളായ ഗോവിന്ദ് ഭായ് നായി, സമയം നീട്ടണമെന്ന തന്റെ അപേക്ഷയില്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പിതാവിന് 88 വയസും അമ്മയ്ക്ക് 75 വയസുമുള്ളതിനാല്‍ രണ്ട് പേരും തന്നെ ആശ്രയിക്കുന്നവരാണെന്ന് നായി തന്റെ ഹര്‍ജിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ രമേഷ് രൂപാഭായ് ചന്ദന തന്റെ മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞു. മിതേഷ് ചിമന്‍ലാല്‍ ഭട്ട്, തന്റെ ശീതകാല ഉല്‍പ്പന്നങ്ങള്‍ വിളവെടുപ്പിന് തയ്യാറാണെന്നും കീഴടങ്ങുന്നതിന് മുമ്പ് അത് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അപേക്ഷയില്‍ പറഞ്ഞു.
അതേസമയം തനിക്ക് അടുത്തിടെ ശ്വാസകോശ ശസ്ത്രക്രിയ നടത്തിയെന്നും സുഖം പ്രാപിക്കാന്‍ സമയം ആവശ്യമാണെന്നും നാലാമത്തെ കുറ്റവാളി പ്രദീപ് രാമന്‍ലാല്‍ മോഡിയ ചൂണ്ടിക്കാട്ടി. ഈയിടെ കാലിലെ ശസ്ത്രക്രിയ കാരണം ഭാഗികമായി വൈകല്യമുണ്ടെന്നായിരുന്നു ബിപിന്‍ചന്ദ് കണിയാലാല്‍ ജോഷിയുടെ വാദം. ശീതകാല വിളകളുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞ് കീഴടങ്ങാന്‍ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ജസ്വന്ത് ചതുര്‍ഭായ് നായിയും സുപ്രീം കോടതിയെ സമീപിച്ചു. രാധേശ്യാം ഭഗവാന്‍ദാസ് ഷായാണ് സുപ്രീം കോടതിയെ സമീപിച്ച ഏഴാമത്തെ കുറ്റവാളി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു