മസ്കത്ത്: രാജ്യത്തെ വ്യോമ ഗതാഗത മേഖലക്കു കരുത്ത് പകർന്നുവരുന്ന പുതിയ മുസന്ദം വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാകും. പദ്ധതിയുടെ എല്ലാ പഠനങ്ങളും പൂർത്തിയായതായും അതിന്റെ നിർമാണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഗതാഗത വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പുതിയ വിമാനത്താവളത്തിൽ റൺവേ, ടാക്സി വേ, ടെർമിനൽ, ബോയിംങ് 737, എയർബസ് 320 വലിപ്പമുള്ള വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ അനുയോജ്യമായ സർവിസ്, ഹാംഗർ ഏരിയ എന്നിവ ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം മുസന്ദം ഗവർണറേറ്റിൽ ഒമാൻ കൗൺസിൽ, മുനിസിപ്പൽ കൗൺസിലിലെ ചില അംഗങ്ങൾ, ശൈഖുമാർ, വിശിഷ്ടാതിഥികൾ, വ്യവസായികൾ എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണറേറ്റിനെ പ്രാദേശിക, അന്തർദേശീയ വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യവും ഊന്നിപ്പറഞ്ഞിരുന്നു. രാജകീയ പിന്തുണക്ക് നന്ദി പയുകയാണെന്നും വിവിധ സാമ്പത്തിക, ടൂറിസം, ലോജിസ്റ്റിക് മേഖലകളെ മെച്ചപ്പെടുത്തുന്ന വിധത്തിൽ അതിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ പ്രവർത്തിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മുസന്ദം എയർപോർട്ട് പദ്ധതി മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും പ്രതിവർഷം 2,50,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകുമെന്നുമാണ് കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു