ഗസ്സ: കരസൈനികരെ വീണ്ടും പിൻവലിച്ച് ഖാൻ യൂനുസിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 158 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 24,285 ആയി. 61,154 പേർക്ക് പരിക്കുണ്ട്. റഫയിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ 12 പേരാണ് മരിച്ചത്. ബൈത് ലാഹിയയിൽനിന്ന് 100 റോക്കറ്റ് ലോഞ്ചറുകൾ പിടിച്ചെടുത്തതായും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഇസ്രായേൽ അറിയിച്ചു.
ഖാൻ യൂനുസിൽ കടുത്ത ചെറുത്തുനിൽപ് നടത്തുന്ന അൽഖസ്സാം ബ്രിഗേഡിന്റെ തിരിച്ചടിയിൽ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 19 ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് കൂട്ട മിസൈൽ ആക്രമണവും നടത്തി. വെസ്റ്റ്ബാങ്കിൽ പരിശോധന നടത്തിയ ഇസ്രായേൽ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ലബനാനിലെ അയ്ത ശഅബിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സേന അറിയിച്ചു. തെക്കൻ ഗസ്സയിലെ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലന്റ് പ്രഖ്യാപിച്ചു.
read also…രാമക്ഷേത്രത്തിലേക്കില്ല, അന്നേ ദിവസം ഞാൻ കാളി മന്ദിർ സന്ദർശിക്കും; മമത ബാനർജി
ബന്ദികളെ വിട്ടയക്കാതെ ഹമാസ് മനഃശാസ്ത്ര യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് വിഡിയോയിലൂടെ അറിയിച്ചു. എന്നാൽ, ഇസ്രായേൽ ഇക്കാര്യം നിഷേധിച്ചു. ഇതിന് മറുപടിയായി ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു.ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിൽ ഇസ്രായേൽ തടസ്സം സൃഷ്ടിക്കുകയാണെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി ആരോപിച്ചു. ഭക്ഷണവും ഇന്ധനവുമില്ലാതെ ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. അതിനിടെ, ഹമാസ് നേതാവ് യഹ്യ സിൻവാറിന് യൂറോപ്യൻ യൂനിയൻ വിലക്ക് ഏർപ്പെടുത്തി. ഇ.യു അംഗരാജ്യങ്ങളിൽ സിൻവാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു