വെല്ലിങ്ടൺ∙ ന്യൂസീലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഭയാർത്ഥിയായ എംപി കടയിൽ മോഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് രാജിവച്ചു. മധ്യ-ഇടതുപക്ഷ ഗ്രീൻ പാർട്ടിയുടെ എംപിയും നീതിന്യായ വക്താവുമായ ഗോൾറിസ് ഘഹ്റാമനാണ് സ്ഥാനമൊഴിഞ്ഞത്. അതേസമയം, രാജി വ്യക്തിപരമായ സമ്മർദ്ദവും മാനസിക ആഘാതവും മൂലമാണെന്ന് ഗോൾറിസ് പറഞ്ഞു.
ഗോൾറിസ് ഘഹ്റാമൻ വിവിധ തുണിക്കടകളിൽ നിന്ന് മോഷണം നടത്തിയെന്ന ആരോപണങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. രാഷ്ട്രീയക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിൽ തനിക്ക് വീഴ്ച്ചയുണ്ടായി. മാനസികാരോഗ്യം സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഗോൾറിസ് പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം വ്യക്തിത്വത്തിന് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചു. ഞാൻ എന്റെ പ്രവൃത്തികൾ ന്യായീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കാണുന്ന മാനസികാരോഗ്യ വിദഗ്ധൻ പറയുന്നത്, എന്റെ സമീപകാല പെരുമാറ്റം, തീവ്രമായ സമ്മർദ്ദങ്ങളുടെ പ്രതികരണ ഫലമാണ്. മുമ്പ് തിരിച്ചറിയപ്പെടാത്ത പോയ മാസിക ആഘാത്തത്തിൽ നിന്നാണ് ഇതുണ്ടായത്. ഞാൻ ഒരുപാട് ആളുകളെ നിരാശപ്പെടുത്തി, ഞാൻ ഖേദിക്കുന്നു. ഇത് എനിക്ക് വിശദീകരിക്കാൻ കഴിയുന്ന ഒരു പെരുമാറ്റമല്ല. ഈ പെരുമാറ്റം ഒരു തരത്തിലും യുക്തിസഹമല്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം, എനിക്ക് സുഖമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നതായും ഗോൾറിസ് കൂട്ടിച്ചേർത്തു.
ഇറാൻ വംശജയായ 42 വയസ്സുകാരിയായ ഗോൾറിസ് ഘഹ്റാമൻ കുട്ടികാലത്ത് കുടുംബത്തോടെ കൂടെ അഭയാർത്ഥിയായിട്ടാണ് ന്യൂസീലൻഡിൽ എത്തിയത്. പിന്നീട് രാഷ്ട്രീയ അഭയം ലഭിച്ചു. നിയമപഠനത്തിന് ശേഷം, അവർ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ അഭിഭാഷകയായി. 2017 ൽ പാർലമെന്റിൽ എംപിയായി നിയമിക്കപ്പെടുന്നത് മുൻപ് രാജ്യാന്തര ക്രിമിനൽ ട്രിബ്യൂണലുകളിൽ ജോലി ചെയ്തിട്ടുണ്ട്. 2023 അവസാനത്തോടെ ഓക്ക്ലൻഡിലെ ഒരു ആഡംബര വസ്ത്ര സ്റ്റോറിലും വെല്ലിങ്ടണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും നടന്ന രണ്ട് സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മോഷണ ആരോപണങ്ങൾ ഗോൾറിസിനെതിരെ ഉയർന്ന് വന്നിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു