ആലപ്പുഴ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി; ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്കു പരുക്കേറ്റു. വനിതാ പ്രവർത്തകർക്കും ലാത്തിക്ക് തലക്കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംക്ഷനിൽ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.