ഗസ്സ: സ്ത്രീകളെയും കുട്ടികളെയും ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ കൊന്നൊടുക്കിയ ഗസ്സയിലെ ഇസ്രായേൽ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24,000 കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം 23,968 ആണ് മരണസംഖ്യ. അതായത് യുദ്ധം നൂറുനാൾ പിന്നിട്ടപ്പോൾ ഗസ്സയിലെ ഓരോ നൂറുപേരിൽ ഒരാൾ വീതം ഇതിനകം കൊല്ലപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 125 ഫലസ്തീനികൾ കൊല്ലപ്പെടുകയും 265 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നും ഇസ്രായേൽ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഗസ്സയുടെ ആകാശത്തും ടാങ്കുകൾ മണ്ണിലും മരണം വിതക്കുന്നത് തുടരുകയാണ്.
ഗസ്സയിൽ തകർക്കപ്പെട്ട വീടുകളുടെ എണ്ണം 3.59 ലക്ഷം കവിഞ്ഞു. അതായത് ഓരോ 10 വീടുകളിലും ആറെണ്ണം വീതം ഇനി താമസയോഗ്യമല്ലാത്ത വിധം നശിപ്പിക്കപ്പെട്ടു.
60,000ൽ പരം ആളുകൾക്ക് പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും 70 ശതമാനം സ്ത്രീകളും കുട്ടികളുമാണ്. 7000ൽ അധികം പേരെ കാണാനില്ല. ഇവരിൽ അധികപേരും തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും മറ്റും കുടുങ്ങിക്കിടന്ന് മരണപ്പെട്ടതായാണ് സംശയിക്കുന്നത്. ബാക്കിയുള്ളവരെ ഇസ്രായേൽ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയതായാണ് നിഗമനം.
ഗസ്സയിൽ കരയുദ്ധത്തിനിടെ 1,100ലധികം ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഐ.ഡി.എഫ് പറയുന്നു. അതേസമയം, 5000ത്തിലേറെ പേർക്ക് പരിക്കേറ്റതായും 2000 സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായും ഒരുമാസം മുമ്പ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പുനരധിവാസ വകുപ്പ് മേധാവിയും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ലിമോർ ലൂറിയയെ ഉദ്ധരിച്ച് യെദിയോത് അഹ്‌റോനോത് റിപ്പോർട്ട് ചെയ്തിരുന്നു. 5000ത്തിലേറെ ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായും 12,000ത്തിലേറെ പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുള്ളതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, സൈന്യത്തിന്റെ കഴിഞ്ഞ ദിവസത്തെ അറിയിപ്പിൽ പരിക്കേറ്റവരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചു. കരയുദ്ധത്തിൽ 1,106 സൈനികർക്ക് പരിക്കേറ്റതായാണ് പുതിയ അറിയിപ്പിൽ പറയുന്നത്. ഇതിൽ 240 പേരുടെ പരിക്ക് ഗുരുതരമാണ്. 187 ഇസ്രായേലി സൈനികർ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായി അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സ മുനമ്പിൽ 12 ഉദ്യോഗസ്ഥർക്കും സൈനികർക്കും പരിക്കേറ്റതായും സൈന്യം റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1139 ഇസ്രായേലികൾ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പറയുന്നത്. ഇതിൽ, 685 പേർ സാധാരണക്കാരാണ്. എന്നാൽ, സാധാരണക്കാരെ തങ്ങൾ കൊന്നിട്ടില്ലെന്നും ഹാനിബാൾ ഡയറക്ടീവ് പ്രകാരം ഇസ്രായേൽ സൈന്യം തന്നെയാണ് അവരെ കൊന്നതെന്നും ഹമാസ് നേതാവ് സാലിഹ് അൽ അറൂറി പറഞ്ഞിരുന്നു. എതിരാളികൾ ബന്ദികളാക്കിയ സ്വന്തം പൗരൻമാരെയും സൈനികരെയും വധിക്കാൻ സൈന്യത്തിന് അനുമതി നൽകുന്ന പ്രത്യേക ഉത്തരവാണ് ഹാനിബാൾ ഡയറക്ടീവ്. ഒക്ടോബർ ഏഴിന് ഐ.ഡി.എഫ് ഹാനിബാൾ ഡയറക്ടീവ് ഇറക്കിയതായി കഴിഞ്ഞ ദിവസം ഇസ്രായേലി പത്രമായ യെദിയോത് അഹ്‌റോനോത്തും സ്ഥിരീകരിച്ചിരുന്നു.
ഗസ്സയിൽ ജനസംഖ്യയുടെ 85 ശതമാനം വരുന്ന 19 ലക്ഷത്തിലേറെ മനുഷ്യർ ആഭ്യന്തര അഭയാർഥികളായി മാറി. 14 ലക്ഷത്തോളം പേർ യു.എൻ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു. ബാക്കിയുള്ളവർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അപരിചിതരുടെയും കൂടെയാണ് കഴിയുന്നത്. അഞ്ചു ലക്ഷത്തോളം പേർക്ക് യുദ്ധം അവസാനിച്ചാലും തിരിച്ചുപോകാൻ വീടില്ല
ഗസ്സയിലെ 36 ആശുപത്രികളിൽ 23 എണ്ണവും സേവനം നിർത്തി. ആവശ്യം അധികരിച്ചിട്ടും ബെഡുകൾ കുറക്കേണ്ടിവന്നു. 104 സ്കൂളുകൾ തകർത്തു. 70 ശതമാനത്തോളം സ്കൂൾ കെട്ടിടങ്ങൾ നശിപ്പിച്ചു. ബാക്കിയുള്ളവ അഭയാർഥി ക്യാമ്പുകളാക്കി. 142 യു.എൻ സന്നദ്ധപ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടു. സന്നദ്ധ സംഘടനകളുടെ 128 കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു