തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി. മകരപ്പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാണ് ശബരിമലയിൽ മകരവിളക്ക് ദർശനവും.
പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതിനായുള്ള റിസർവേഷൻ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. 06235 യശ്വന്ത്പുർ- കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷൽ ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7:10ന് കൊച്ചുവേളിയിൽ എത്തും. 06236 കൊച്ചുവേളി-യശ്വന്ത്പുർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷൽ 14ന് രാത്രി 10 ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് 15 ന് വൈകുന്നേരം നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.
ജനുവരി 15 നാണ് ശബരിമലയിൽ മകരവിളക്ക്. അന്ന് പുലർച്ചെ 2:46 ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. തുടർന്നാണ് തിരുവാഭരണം സ്വീകരിക്കലും ശേഷം തിരുവാഭരണം ചാർത്തി ദീപാരാധനയും ഒപ്പം മകരവിളക്ക് ദർശനവും നടക്കും.
മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇലവുങ്കൽ, അയ്യൻമല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹിൽ ടോപ്, നീലിമല, അപ്പാച്ചിമേട്, പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനസൗകര്യം ഒരുക്കിയിട്ടുള്ളത്.
മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് കഴിഞ്ഞു. പരമ്പരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. രാജകൊട്ടാരത്തിലെ കുടുംബാംഗം കാലം ചെയ്ത സാഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു