കൊച്ചി: നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി മാണി പ്രസവിച്ച കാര്യം ശ്രീനിഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത് എന്നും പേളി മാണിയും മകളും സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് അരവിന്ദ് അറിയിച്ചു.
പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും ആരോഗ്യത്തോടെയും സുഖമായുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.’ ശ്രീനിഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിലാ എന്ന മറ്റൊരു പെണ്‍കൂട്ടി കൂടിയുണ്ട് പേളി മാണി – ശ്രീനിഷ് ദമ്പതികള്‍ക്ക്. 2019 ല്‍ ആയിരുന്നു പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹം. ഇതര മതസ്ഥരായ ഇരുവരും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
2019 മെയ് 5, 8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. 2021 ലാണ് പേളി മാണിക്കും ശ്രീനിഷിനും നിലാ എന്ന കുഞ്ഞ് പിറക്കുന്നത്. മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് പേളി മാണി. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം പേളിയും കുടുംബവും ആരാധകരെ അറിയിക്കാറുണ്ട്.
മകള്‍ നിലയും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള കുട്ടി താരമാണ്. മിനിസ്‌ക്രീന്‍ അവതാരകയായെത്തി പിന്നീട് സിനിമാ രംഗത്തും സാന്നിധ്യം അറിയിക്കാന്‍ പേളിക്ക് സാധിച്ചിരുന്നു. 2018 ല്‍ ഏഷ്യാനെറ്റില്‍ സംവിധാനം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു പേളി.
ബിഗ് ബോസ് മലയാളം സീസണില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ താരം പേളി ആയിരുന്നു. അതേ സീസണില്‍ അവസാന അഞ്ചിലെത്താന്‍ ശ്രീനിഷിനും സാധിച്ചിരുന്നു. 14 ഓളം സിനിമകളില്‍ പേളി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യാ വിഷന്റെ യെസ് ജൂക്‌സ് ബോക്‌സില്‍ പരിപാടി അവതരിപ്പിച്ച് കൊണ്ടാണ് വീഡിയോ ജോക്കി എന്ന നിലയില്‍ പേളി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അമൃത ടിവി, മഴവില്‍ മനോരമ, കൗമുദി ടിവി, സണ്‍ ടിവി, ഫ്‌ളവേഴ്‌സ് ടിവി, സൂര്യ ടിവി, കൈരളി ടിവി, സീ തമിഴ് തുടങ്ങിയ ചാനലുകളില്‍ പരിപാടി അവതരിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു