ലഖ്നോ: രാമക്ഷേത്ര പ്രതിഷ്ഠദിന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം പുരി ഗോവർധന മഠം നിരസിച്ചതിന് പിന്നാലെ സമാന തീരുമാനവുമായി ഉത്തരാഖണ്ഡ് ജ്യോതിർ മഠവും. ജ്യോതിർ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് രാജ്യത്തെ നാല് ശങ്കരാചാര്യന്മാരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
പ്രതിഷ്ഠദിന ചടങ്ങ് ശാസ്ത്രങ്ങൾക്ക് എതിരാണ്. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകാതെ സാധാരണയായി പ്രതിഷ്ഠ നടത്താറില്ലെന്നും എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു. താൻ മോദി വിരുദ്ധനല്ലെന്നും ചടങ്ങ് ശാസ്ത്രവിരുദ്ധമായതിനാലാണ് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോടെങ്കിലുമുള്ള എതിർപ്പ് കൊണ്ടല്ല ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ശാസ്ത്രവിധി പിന്തുടരേണ്ടതിനാലാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ അവിടെ എന്ത് ചെയ്യാനാണ്. മോദി ഉദ്ഘാടനം ചെയ്യുമ്പോഴും രാമവിഗ്രഹത്തിൽ തൊടുമ്പോഴും ഞാൻ അവിടെ നിന്ന് കൈയടിക്കണോ?. പ്രതിഷ്ഠക്ക് ശേഷം ഞങ്ങൾക്ക് അവിടെ എന്താണ് ചെയ്യാനാണുള്ളത് അദ്ദേഹം ചോദിച്ചു.മോദി മതപരമായ വിഷയങ്ങളിൽ ഇടപെടുകയാണെന്ന് ആരോപിച്ച അദ്ദേഹം തനിക്ക് അയോധ്യയോട് വെറുപ്പില്ലെന്നും വ്യക്തമാക്കി.
പുരി ശങ്കരാചാര്യരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മോദി വിഗ്രഹപ്രതിഷ്ഠ നടത്തരുതെന്ന് പുരി ഗോവർധൻ മഠത്തിലെ ശങ്കരാചാര്യരായ നിശ്ചലാനന്ദ സരസ്വതി ആവശ്യപ്പെട്ടു. വിഗ്രഹപ്രതിഷ്ഠ നടത്തേണ്ടത് പൂജാരിമാരോ സന്യാസിമാരോ ആണ്. രാമക്ഷേത്ര പ്രതിഷ്ഠക്ക് രാഷ്ട്രീയക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















