പത്തനംതിട്ട:നിലയ്ക്കൽ ബിഷപ്പിനെതിരായ ശബ്ദ സന്ദേശത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നതിനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ. അദ്ദേഹത്തെ സഭയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. അന്വേഷണ വിധേയമായി മാറ്റി നിർത്തുന്നതായി സഭ വ്യക്തമാക്കി. വൈദികന്റേത് ധിക്കാരപരമായ നടപടിയാണെന്നു സഭ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ സഭ അന്വേഷണവും പ്രഖ്യാപിച്ചു.
നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസിനെതിരെ മാത്യൂസ് വാഴക്കുന്നം അപമര്യാദയായി സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് പുറത്തു വന്നിരുന്നു. ബിഷപ്പിന്റെ ചെയ്തികൾ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ക്ലിപ്പിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു. ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ ഹീനമായ പ്രവർത്തനം സഭാംഗങ്ങൾ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാൻ സഭാപരമോ നിയമപരമോ ആയ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ ചാനൽ ചർച്ചയിൽ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേർന്നതല്ല. ഇക്കാരണങ്ങളാൽ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു.
നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കൽ, അഡ്വ. കെ. കെ. തോമസ് എന്നിവരെ പരിശുദ്ധ ബാവാ നിയമിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















