ബ്രിസ്റ്റോൾ∙ ബ്രിട്ടനിലെ ഭവനരഹിത പ്രതിസന്ധി പരിഹരിക്കാൻ കാർ പാർക്കിങ്ങുകളിൽ ഒറ്റ ബെഡ് റൂം വീടുകൾ പണിത് ബ്രിസ്റ്റോൾ കൗൺസിൽ മാതൃകയാകുന്നു. ബ്രിട്ടനിൽ ഭവനങ്ങളുടെ ലഭ്യത കാര്യമായ തോതില്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബ്രിസ്റ്റോൾ ഇത്തരത്തിൽ ഒരു നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. വാടകയ്ക്ക് ഒരു വീട് കിട്ടാന്‍ കുടിയേറ്റക്കാര്‍ നടത്തുന്ന നെട്ടോട്ടം ബ്രിട്ടനിൽ ഇപ്പോൾ ഒരു നിത്യകാഴ്ചയാണ്. ഇതിന് പോംവഴിയാണ് വീട് നിര്‍മ്മിച്ചെടുത്ത് സമയം പാഴാക്കുന്നതിന് പകരം അതിവേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഹൗസിങ് പോഡുകള്‍ കൗണ്‍സിലുകള്‍ ഘടിപ്പിച്ച് നല്‍കുന്നത്.
ബ്രിസ്റ്റോളിലെ സെന്‍റ് ജോർജിലുള്ള കാര്‍ പാര്‍ക്കില്‍ ഇത്തരം എട്ട് പ്രീ ഫാബ് വീടുകളാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ ഭവനരഹിത പ്രതിസന്ധി പരിഹരിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് നടപടി. ഈ വീടുകളിലേക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ ഈ മാസം താമസം മാറും. ഒരു വ്യക്തിക്ക് മാത്രം താമസിക്കാന്‍ കഴിയുന്ന വീടുകളില്‍ ഒരു ബെഡ്‌റൂം, കിച്ചണ്‍, ബാത്ത്‌റൂം, ലിവിങ് ഏരിയ എന്നിവയാണുള്ളത്. ബ്രിസ്റ്റോളിലെ ചര്‍ച്ച് റോഡിലുള്ള പാർക്കിങ് ഏരിയകളിൽ ഒന്നാണ് വീടുകൾ ഉള്ള ഡെര്‍ബി സ്ട്രീറ്റ് കാര്‍ പാര്‍ക്ക്.
2022 ഡിസംബറില്‍ പോഡുകള്‍ക്ക് നിർമ്മാണ അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോള്‍ പണിപൂര്‍ത്തിയാക്കിയ പോഡുകള്‍ പ്രമുഖ ഹൗസിങ് പ്രൊവൈഡറായ പ്ലേസസ് ഫോര്‍ പീപ്പിളിന് കൈമാറിയിട്ടുണ്ട്. വളരെ കുറഞ്ഞ വാടകയിൽ 60 വര്‍ഷത്തെ ലീസിനാണ് ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ഇത് കൈമാറിയിട്ടുള്ളത്. ഇത്തരം മാതൃക ബ്രിട്ടനിലുടനീളം മറ്റ് കൗൺസിലുകൾ നടപ്പിലാക്കിയാൽ ഭവന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു