ലണ്ടന്‍∙ രണ്ട് ദശകങ്ങൾക്ക് മുൻപ് നിരപരാധികളായ ജീവനക്കാരെ കുറ്റവാളികൾ ആക്കിയതിന്റെ പേരിൽ ബ്രിട്ടനിലെ പോസ്റ്റ് ഓഫിസിന് എതിരെ ക്രിമിനല്‍ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഒരുങ്ങി മെട്രോപൊളിറ്റന്‍ പൊലീസ്. നിരപരാധികളായ ജീവനക്കാര്‍ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് പേർക്ക് ശിക്ഷ ലഭിച്ച ‘പോസ്റ്റ് ഓഫിസ് അഴിമതി’ കേസ് ഉണ്ടായത്. എന്നാൽ പിന്നീട് പോസ്റ്റ് ഓഫിസുകളിലെ ഹൊറൈസോണ്‍ ഐടി സിസ്റ്റത്തിൽ വ്യാജമായി സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങൾ മൂലമാണ് അക്കൗണ്ടില്‍ പണം അപ്രത്യക്ഷമായതെന്ന് തെളിഞ്ഞു.
ഇന്ത്യൻ വംശജർ ഉൾപ്പടെ നൂറുകണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാരുടെ തലയില്‍ തട്ടിപ്പിന്റെ ഭാരം ചുമത്തി ശിക്ഷ നൽകുകയായിരുന്നു. 1999 മുതല്‍ 2015 വരെ കാലയളവില്‍ 700 ലേറെ ജീവനക്കാരുടെ ജീവിതങ്ങളാണ് ഈ വ്യാജ കേസുകള്‍ നശിപ്പിച്ചത്. വിശ്വസിക്കാന്‍ കഴിയാത്ത കംപ്യൂട്ടർ പ്രോഗ്രാമുകളില്‍ നിന്നും സ്വരൂപിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നിരപരാധികളായ ജീവനക്കാരെ കോടതി കയറ്റുകയും കുറ്റവാളികളാക്കുകയും ചെയ്തത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി മുന്‍ പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു. ഇതിന് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നു.
ബ്രാഞ്ചുകളില്‍ നിന്നും പണം പോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ശേഷവും ജീവനക്കാരില്‍ നിന്നും പണം പിടിച്ചെടുത്തത് നിയമവിരുദ്ധമായി ആണെന്ന് തെറ്റായി ശിക്ഷിക്കപ്പെട്ട പോസ്റ്റ്മാസ്റ്റര്‍മാരെ പ്രതിനിധീകരിക്കുന്ന ബാരിസ്റ്റര്‍ പോള്‍ മാര്‍ഷല്‍ പറഞ്ഞു. കേസ് മൂലം പലരും പാപ്പരാവുകയും നാല് പേര്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെടാത്ത പണത്തിന്റെ പേരിലാണ് നിരപരാധികളെ കുറ്റവാളികൾ ആക്കിയതെന്നും ബാരിസ്റ്റര്‍ പോള്‍ മാര്‍ഷല്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു