ലണ്ടൻ∙ യുകെയിലെ എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ സുവർണ്ണാക്ഷരത്തിൽ രേഖപ്പെടുത്താവുന്ന പേരുകൾക്ക് ഉടമകളായി മാറിയിരിക്കുകയാണ് ഒരു അച്ഛനും മകളും. ഇരുവരും ഒരുമിച്ച് നഴ്സുമാരായി തങ്ങളുടെ ജോലി ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് എൻഎച്ച്എസ് അധികൃതർ പുറത്തു വിട്ടിരിക്കുന്നത്. 42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നഴ്സിങ് ബിരുദം കരസ്ഥമാക്കി ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ആരംഭിച്ചത്. അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നഴ്സിങ് കോഴ്സിന് ചേർന്നത്.
എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സ്റ്റീവിലി ജൂവൽ നഴ്സിങ് ബിരുദം നേടിയത്. ഹെൽത്ത്‌കെയർ സപ്പോർട്ട് വർക്കറായാണ് സ്റ്റീവൻ ജോലി ആരംഭിക്കുന്നതും നഴ്‌സിങ് ഡിഗ്രി അപ്രന്റിസ്‌ഷിപ്പ് പൂർത്തിയാക്കിയതും. അച്ഛനുമൊത്ത് ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22വയസ്സുകാരിയായ മകൾ സ്റ്റീവിലി പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം കാണുന്നത് വളരെ പ്രചോദനകരമാണെന്ന് ഇവർ ജോലി ചെയ്യുന്ന ആശുപത്രി ട്രസ്റ്റായ ലങ്കാഷെയർ ആൻഡ് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു