സൂറിക് ∙ ഏപ്രിലിൽ ആരംഭിക്കുന്ന സമ്മർ ഷെഡ്യുളിൽ യൂറോപ്പിലേക്കുള്ള സർവീസുകൾ ഒമാൻ എയർ വെട്ടികുറയ്ക്കുന്നതായി ഏവിയേഷൻ ഡിറെക്ട് റിപ്പോർട്ട് ചെയ്‌തു. ഏവിയേഷൻ ന്യുസ് പോർട്ടൽ പറയുന്നതനുസരിച്ചു, സൂറിക്കിലേക്കുള്ള സർവീസ്, മാർച്ച് അവസാനത്തോടെ ഒമാൻ എയർ അവസാനിപ്പിക്കുകയാണ്. പാരീസ്, ഫ്രാങ്ക്ഫർട്ട്, മ്യുണിക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിലനിർത്തിയിട്ടുണ്ടെങ്കിലും, അവിടങ്ങളിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണത്തിലും കുറവുണ്ട്.
സമ്മർ ഷെഡ്യുൾ ഡെസ്റ്റിനേഷനുകളിൽ സൂറിക് ഉൾപ്പെടുന്നില്ലെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, എയർലൈൻസിന്റെ വെബ് സൈറ്റിൽ ഏപ്രിൽ മുതൽ സൂറിക്കിൽ നിന്നുള്ള കണക്ഷൻ അപ്രത്യക്ഷമായിട്ടുണ്ട്. ട്രാവൽ ഏജന്റുമാർക്കും, എയർ ടിക്കറ്റ് സെല്ലിങ് പോർട്ടലുകൾക്കും ഒമാൻ എയർ ടിക്കറ്റ് ഏപ്രിൽ മുതൽ സൂറിക്കിൽ നിന്നും ഇഷ്യു ചെയ്യാൻ നിലവിൽ സാദ്ധ്യവുമല്ല. സമ്മർ ഷെഡ്യുളിൽ സൂറിക്കിൽ നിന്നും കാലേക്കൂട്ടി ടിക്കറ്റ് എടുത്തവർക്ക്, പണം തിരികെ നൽകുകയോ, ഇതര എയർലൈനുകളുമായി സഹകരിച്ചു റീ റൂട്ട് ചെയ്യുകയോ ആയിരിക്കും ഒമാൻ എയർ ചെയ്യുക. ആഴ്ച്ചയിൽ നാല് സർവീസായിരുന്നു നിലവിൽ സൂറിക്കിലേക്ക്.
ഏവിയേഷൻ ഡിറെക്ട് റിപോർട്ട് അനുസരിച്ചു, ഫ്രാങ്ക്ഫർട്ടിലേക്കുള്ള പ്രതിദിന സർവീസ് ഏപ്രിൽ മുതൽ ആഴ്ച്ചയിൽ അഞ്ചായി കുറയും. പാരിസിലേക്ക് ആഴ്ച്ചയിൽ ആറും, മ്യുണിക്കിലേക്ക് അഞ്ചും സർവീസുള്ളത്, രണ്ടിടത്തേക്കും നാലായി ചുരുങ്ങും. സർവീസുകളുടെ എണ്ണം കുറയ്ക്കുന്നതുകൂടാതെ, ചെറിയ എയർക്രാഫ്റ്റുകൾ യൂറോപ്യൻ സെക്ടറിലേക്ക് ഏപ്രിൽ മുതൽ അയയ്ക്കുന്നതിനാൽ സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ഇറ്റലിയിലെ മിലാനിലേക്കുള്ള സർവീസും നിർത്തുകയാണെങ്കിലും, ഇവിടേക്കുള്ള യാത്രക്കാർക്ക് ഖത്തർ എയർവേസിൽ ഒമാൻ എയർ തുടർന്നും ടിക്കറ്റ് നൽകുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു