ന്യൂ യോര്‍ക്ക്: ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെറഫി എഡ്വേര്‍ഡ് എപ്സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പുറത്തുവന്നതോടെ ഞെട്ടിത്തെറിച്ചിരിക്കുകയാണ് അമേരിക്ക. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹോളിവുഡ് നടൻ ഡി കാപ്രിയോ, ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ് തുടങ്ങി ലോകപ്രശസ്തമായ നിരവധി പേരുകളാണ് ഈ രേഖകളിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2019-ല്‍ മരിച്ച ജെറഫി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട കേസിലെ ആയിരത്തോളം പേജുകളുള്ള രേഖകളാണ് ന്യൂയോര്‍ക്ക് ഡിസ്ട്രിക്‌ട് കോടതി ജഡ്ജി ലൊറേറ്റ പ്രെസ്കയുടെ ഉത്തരവ് പ്രകാരം പരസ്യപ്പെടുത്തുന്നത്. ഈ രേഖകള്‍ രഹസ്യമാക്കി സൂക്ഷിക്കുന്നത് തുടരുന്നതില്‍ നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് രേഖകള്‍ പരസ്യപ്പെടുത്താൻ ജഡ്ജ് ലൊറേറ്റ നേരത്തേ ഉത്തരവിട്ടത്. രേഖകള്‍ പരസ്യമാക്കുന്ന പ്രക്രിയ ജനുവരി ഒന്നിന് ശേഷം ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്.
ആരാണ് ജെഫെറി എപ്സ്റ്റൈൻ?
രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ശതകോടീശ്വരന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായിരുന്നു ജെഫെറി എപ്സ്റ്റൈൻ. ലൈംഗികബന്ധത്തിനായി 14 വയസുകാരിക്ക് പണം വാഗ്ദാനം ചെയ്തതിന് 2005-ല്‍ ഫ്ളോറിഡയില്‍ വെച്ചാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ സമാനമായ ആരോപണവുമായി രംഗത്തെത്തി. കേസില്‍ 13 മാസമാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്.
2015-ലാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ക്ക് അടിസ്ഥാനമായ കേസ് ഉണ്ടായത്. വെര്‍ജീനിയ ഗ്യുഫ്റെ എന്ന സ്ത്രീയാണ് ജെഫെറി എപ്സ്റ്റൈന്റെ കൂട്ടാളിയായിരുന്ന ഗിസ്ലൈൻ മാക്സ്വെലിനെതിരെ കേസ് ഫയല്‍ ചെയ്തത്. 2021-ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവിധ ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടാനിരിക്കെ ജെഫെറി എപ്സ്റ്റൈൻ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
The only mentions of Donald Trump in the 1,000 pages of Jeffrey Epstein documents that contain related to a lawsuit brought against Ghislaine Maxwell that have been unsealed are ones that clear him of any wrongdoing pic.twitter.com/m5XG24RlTe
— ALX 🇺🇸 (@alx) January 4, 2024
‘ജെഫെറി പേപ്പേഴ്സി’ലെ ഞെട്ടിക്കുന്ന പേരുകള്‍
ജെഫറി എപ്സ്റ്റൈന്റെ കോടതി രേഖകളിലെ പേരുകള്‍ പുറത്തുവന്നതോടെ അമേരിക്ക മാത്രമല്ല, ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന രേഖകളില്‍ 170-ലേറെ പേരുകളാണ് ഉള്ളത്. പ്രമുഖരായ പലരുടെയും പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവര്‍ ചെയ്ത ലൈംഗിക കുറ്റകൃത്യങ്ങളും രേഖകളില്‍ വിശദീകരിക്കുന്നുണ്ട്.
ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ ലിയൊനാര്‍ഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ദീര്‍ഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്സണ്‍, ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മജീഷ്യൻ ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, യു.എസ്സിലെ ശതകോടീശ്വരനായ ഗ്ലെൻ ഡുബിൻ, ഫ്രഞ്ച് മോഡലിങ് ഏജന്റായ ജീൻ-ലക് ബ്രുനെല്‍, ഹാര്‍വാര്‍ഡ് പ്രൊഫസര്‍ അലൻ ഡെര്‍ഷോവിറ്റ്സ്, മുൻ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അടുത്തയാളായിരുന്ന വില്യം ജെ. ബേണ്‍സ്, ഭാഷാപണ്ഡിതനായ നോം ചോസ്കി, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാൻചെറ്റ്, അമേരിക്കൻ നടൻ കെവിൻ സ്പേസി തുടങ്ങിയവര്‍ രേഖകളില്‍ പരാമര്‍ശിക്കുന്ന പ്രമുഖരാണ്.
ജെഫറി രേഖകളില്‍ പേരുള്ളവര്‍ എല്ലാവരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരല്ല. എന്നാല്‍ ഇവരില്‍ പലരും ചെയ്ത കാര്യങ്ങള്‍ ജെഫറി കേസിലെ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവയില്‍ പലതും നടുക്കുന്നതാണ്.
കുറ്റകൃത്യങ്ങളുടെ വേദി
യു.എസ്. വെര്‍ജിൻ ദ്വീപസമൂഹത്തിലെ ഒരു ദ്വീപ് ജെഫെറി എപ്സ്റ്റൈൻറെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നു. ലിറ്റില്‍ സെയിന്റ് ജെയിംസ് ഐലൻഡ് എന്ന ഈ സ്വകാര്യ ദ്വീപിനെ പീഡോഫൈല്‍ ഐലന്റ് എന്നാണ് അനൗദ്യോഗികമായി വിശേഷിപ്പിക്കാറ്. ഐലൻഡ് ഓഫ് സിൻ, ഓര്‍ഗി ഐലൻഡ്, എപ്സ്റ്റൈൻ ഐലൻഡ് എന്നീ പേരുകളും ഈ ദ്വീപിനുണ്ട്. ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും എപ്സ്റ്റൈൻ എത്തിക്കുന്നത് ഇവിടെയാണ്. വിളിപ്പേരുകളെ അന്വര്‍ത്ഥമാക്കുംവിധം ലൈംഗിക കുറ്റകൃത്യങ്ങളുടെ പറുദീസയായിരുന്നു ഈ ദ്വീപ്. ജെഫറി എപ്സ്റ്റൈന്റെ മരണശേഷം 2023-ല്‍ ശതകോടീശ്വരനായ സ്റ്റീഫൻ ഡെക്കോഫ് ഈ ദ്വീപ് 60 ദശലക്ഷം ഡോളറിന് ഏറ്റെടുത്തു.
‘പാപങ്ങളുടെ ദ്വീപി’ലെ ലൈംഗിക കുറ്റകൃത്യങ്ങള്‍
ആൻഡ്രൂ രാജകുമാരൻ ഈ ദ്വീപ് പലതവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവിടെവെച്ച് അയാള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും ജെഫറി കേസിലെ കോടതി രേഖകളില്‍ പറയുന്നു. 2001-ല്‍ ലിറ്റില്‍ സെയിന്റ് ജെയിംസ് ഐലൻഡിലെ മാൻഹട്ൻ ടൗണ്‍ഹൗസില്‍ വെച്ച് ആൻഡ്രു തന്റെ സ്വകാര്യഭാഗത്ത് പിടിച്ചതായി ജെഫറിയുടെ ഇരയായ ഒരു സ്ത്രീ പറഞ്ഞതായി ഇപ്പോള്‍ പുറത്തുവന്ന കോടതി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം അന്ന് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ആൻഡ്രൂ രാജകുമാരൻ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതി രേഖകളില്‍ 67 തവണയാണ് ആൻഡ്രൂ രാജകുമാരന്റെ പേര് പരാമര്‍ശിക്കുന്നത്.
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്സിനെതിരെയും ഗുരുതരമായ ആരോപണമാണ് കോടതിരേഖകളിലുള്ളത്. ഹോക്കിങ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് രേഖയില്‍ പറയുന്നു. ഹോക്കിങ്സിനെതിരായ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായി ഇരയാക്കപ്പെട്ട സ്ത്രീയുടെ സുഹൃത്തിന് പണം നല്‍കാൻ എപ്സ്റ്റൈൻ സന്നദ്ധനായിരുന്നുവെന്ന വിവരവും കോടതി രേഖകളിലുണ്ട്.
മുൻ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ് ചെറുപ്പക്കാരികളായ പെണ്‍കുട്ടികളോാണ് താത്പര്യമെന്ന് അദ്ദേഹം പറഞ്ഞതായി എപ്സ്റ്റൈൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇരയാക്കപ്പെട്ട ഒരു സ്ത്രീ വെളിപ്പെടുത്തുന്നത്. ‘ഡോ 36’ എന്നാണ് രേഖകളില്‍ ക്ലിന്റണെ വിശേഷിപ്പിച്ചിരിക്കുന്നത്. 50-ലേറെ തവണയാണ് രേഖകളില്‍ ക്ലിന്റന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിലെ ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്യപ്പെട്ടയാളാണ് ക്ലിന്റണ്‍.
ഹാര്‍വാര്‍ഡ് പ്രൊഫസറായ അലൻ ഡെര്‍ഷോവിറ്റ്സിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ ജെഫെറി എപ്സ്റ്റൈൻ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ നിര്‍ബന്ധിച്ചുവെന്ന് കോടതി രേഖകളില്‍ പറയുന്നു. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതായും രേഖകളിലുണ്ട്. അമേരിക്കൻ മജീഷ്യനായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ പേര് ആറ് തവണയാണ് കോടതി രേഖകളില്‍ പരാമര്‍ശിക്കുന്നത്.
അതേസമയം, മുൻ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതി രേഖകളില്‍ ലൈംഗികാരോപണം ഇല്ല. ട്രംപും എപ്സ്റ്റൈനും പലതവണ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. ട്രംപ് തെറ്റായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് രേഖകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ട്രംപ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്ളാദപ്രകടനവും നടത്തുന്നുണ്ട്. ലൈംഗികപീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു