ലണ്ടൻ∙ പുതുവർഷത്തിനു കാത്തിരിക്കാതെ പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞ കവൻട്രിയിലെ സാം അച്ചായൻ എന്ന കുര്യൻ തോമസ് മരണത്തിലേക്ക് നടന്നു നീങ്ങിയപ്പോൾ ജീവനിലേക്ക് കൈപിടിച്ചു നടത്തിയത് നാലുപേരെ. മരണത്തിലും നന്മയുടെ മാതൃകയാകുന്നത് എങ്ങനെ, എന്നാണ് കുര്യൻ തോമസും അദ്ദേഹത്തിന്റെ പ്രിയതമയും കാണിച്ചു തരുന്നത്. വെറും പനിയും ചുമയുമായി തുടങ്ങിയ അസുഖം മൂർച്ഛിച്ച് മസ്തിഷ്ക മരണം സംഭവിച്ച കുര്യൻ തോമസിന്റെ നാല് അവയവങ്ങളാണ് മരണത്തെ മുഖാമുഖം കണ്ടുകഴിഞ്ഞിരുന്ന നാലുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. ധീരമായ ഈ തീരുമാനത്തിലൂടെ കുര്യൻ തോമസിന്റെ ഭാര്യ അന്നമ്മ എന്ന നഴ്സ് ബ്രിട്ടനിലെ മലയാളികൾക്ക് ആകെ മാതൃകയായി മാറുന്നതിനാണ് ദു:ഖസാന്ദ്രമായ ഈ സന്ദർഭത്തിൽ കവൻട്രി എന്ന നഗരം സാക്ഷിയായത്.
നാട്ടിലുള്ള അമ്മയ്ക്കും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി സാം അച്ചായന്റെ മൃതദേഹം നാട്ടിലെത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ കരളും ഹൃദയവും വൃക്കകളും ബ്രിട്ടനിൽ നാലുപേരിൽ ജീവന്റെ തുടിപ്പായി നിലനിൽക്കും. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മടങ്ങുന്ന ഈ മലയാളിയെ എത്ര കുടുംബങ്ങളാകും എന്നും അനുസ്മരിക്കുക. കവൻട്രിയിലെ ആദ്യകാല മലയാളികളിൽ ഒരാളായ തിരുവല്ല നിരണം സ്വദേശിയായ സാം എന്ന കുര്യൻ തോമസ് പുതുവസരത്തിന്റെ തലേന്നാണ് കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു