ലണ്ടൻ ∙ യുകെയിൽ ജൂനിയർ ഡോക്ടർമാർ നാളെ മുതൽ 6 ദിവസം തുടർച്ചയായി പണിമുടക്കും ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളുടെ പതിവ് പ്രവർത്തനങ്ങളെയും ചികിത്സകളേയും കാര്യമായി ബാധിക്കുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ സർ സ്റ്റീഫൻ പോവിസ് മുന്നറിയിപ്പ് നൽകി. ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ ജനുവരി 3 ന് രാവിലെ 7 മുതൽ ജനുവരി 9 ന് രാവിലെ 7 വരെ തുടർച്ചയായി 144 മണിക്കൂർ വാക്ക്ഔട്ട് സമരമാണ് ഇംഗ്ലണ്ടിലുടനീളം നടത്തുക.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളെ ഇപ്പോഴും ജീവനക്കാരുടെ കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. മഞ്ഞുകാല ഫ്ലൂ അഥവാ ഇൻഫ്ലുവൻസ, കോവിഡ്, മറ്റ് ശൈത്യകാല അണുബാധകൾ എന്നിവ ബാധിച്ച രോഗികളുടെ തിരക്കും ആശുപത്രികൾ നിലവിൽ നേരിടുന്നുണ്ട്. അതിനിടയിലാണ് ജൂനിയർ ഡോക്ടർമാരുടെ സമരം കൂടി കടന്നുവരിക. പണിമുടക്കിലും രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബിഎംഎ പറഞ്ഞു. പണിമുടക്ക് ദിവസങ്ങളിൽ കൂടുതൽ സീനിയർ കൺസൾട്ടന്റ് ഡോക്ടർമാരുടെ സംരക്ഷണത്തോടെ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
വിലക്കയറ്റത്തിന് ആനുപാതികമായി ജൂനിയർ ഡോക്ടർമാർക്ക് 35% വേതന വർധനവ് നൽകണമെന്നാണ് ബിഎംഎ ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നൽകാനാകില്ലെന്ന് സർക്കാർ പറയുന്നു. സീനിയർ ഡോക്ടർമാർക്ക് ഇരട്ടിയോളം ശമ്പള വർധനവ് നൽകിയ സർക്കാർ ജൂനിയർ ഡോക്ടർമാരെ തീർത്തും അവഗണിക്കുകയാണെന്നും ബിഎംഎ ആരോപിക്കുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റാഫിൽ പകുതിയോളം ജൂനിയർ ഡോക്ടർമാരാണ്. അടിയന്തര ചികിൽസ ആവശ്യമുള്ളവർ 999 എന്ന നമ്പറിൽ വിളിക്കുന്നത് തുടരാനും ജീവൻ അപകടപ്പെടുത്തുന്ന അടിയന്തിര സാഹചര്യങ്ങളിൽ എ ആൻഡ് ഇ ഉപയോഗിക്കാനും രോഗികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു