കൊച്ചി : ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈൻ വേഗറെയിൽ പദ്ധതി തടയാനാകില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. സിൽവർലൈൻ പദ്ധതിയിൽ ദക്ഷിണറെയിൽവേ നിലപാട് നിരാശപ്പെടുത്തുന്നതെന്നും മന്ത്രി വിമർശിച്ചു.
‘‘സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള ദക്ഷിണറെയിൽവേയുടെ നിലപാട് പദ്ധതിക്കെതിരെയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയുമായി കൂട്ടിവായിക്കേണ്ടതാണ്. പദ്ധതിക്കായി സ്ഥലം നൽകില്ലെന്ന നിലപാട് നിരാശപ്പെടുത്തുന്നതാണ്. അവർ വിചാരിച്ചാൽ പദ്ധതി തടയാനാകില്ല. ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടിവരും’’–എം.ബി.രാജേഷ് പറഞ്ഞു.
കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടു നൽകാനാകില്ലെന്നാണ് ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോർട്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സിൽവർലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണ് വേണ്ടത്.
റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്നുനടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകണമെന്നു റെയിൽവേ ബോർഡ് ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു