തിരുവനന്തപുരം: നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയര്‍ത്തുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കി വരികയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ട വിവിധ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി. നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലുള്ള 38 റോഡുകളുടെ പ്രവര്‍ത്തനമാണ് നഗരത്തില്‍ പൂര്‍ത്തീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ട റോഡ് പ്രവൃത്തികള്‍ ഒരു പ്രത്യേക കേന്ദ്രത്തിനായിരുന്നു ആദ്യം നല്‍കിയത്. എന്നാല്‍ സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാൻ അവര്‍ക്ക് കഴിയാതിരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ സംസ്ഥാന ഗവണ്മെന്റ് ക്രിയാത്മകമായി ഇടപെട്ട് അവരെ ഒഴിവാക്കി. വിവിധ പ്രവൃത്തികളായി പലര്‍ക്ക് കരാര്‍ നല്കി. നിരവധി എതിര്‍പ്പുകളെ മറികടന്ന് നടപടികള്‍ സ്വീകരിച്ചതിലൂടെയാണ് ഇത്തരത്തില്‍ മാനവീയം വീഥിയും കലാഭവൻ മണി റോഡും പൂര്‍ത്തീകരിച്ചത്.
ആല്‍ത്തറ – ചെന്തിട്ട റോഡ് ബി എം ആൻഡ് ബിസി നിലവാരത്തില്‍ സൈക്കിള്‍ വേ അടക്കം ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. 2024 ഏപ്രില്‍ മാസത്തോടെ കാലവര്‍ഷത്തിന് മുൻപ് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥൻമാര്ക്ക് ചുമതല നല്‍കിയും മന്ത്രിതല റിവ്യൂ മീറ്റിങ് നടത്തിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുടിവെള്ള പൈപ് ലൈനുകള്‍ക്കായി റോഡുകള്‍ പൊളിക്കുന്ന സാഹചര്യത്തില്‍ റോഡ് പൂര്‍വ സ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട വകുപ്പുകള്‍ക്കുണ്ടാകും. ഇത് നിര്‍വഹിക്കുന്നതിന് പൊതുമരാമത്ത്, ജലവിഭവ മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ സമിതി നേതൃത്വം വഹിക്കും.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുതുവല്‍സരാഘോഷങ്ങള്‍ക്ക് സ്വീകാര്യതയേറി വരികയാണെന്ന് മന്ത്രി പറഞ്ഞു. സന്തോഷത്തോടെ കുടുംബവുമായി രാത്രി കാലങ്ങളിലുള്‍പ്പെടെ പുതുവല്സരമാഘോഷിക്കാൻ അവസരമുണ്ട്. പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ദീപാലംകൃതമായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ എം.അശോക് കുമാര്‍, പ്രോജക്ട് എൻജിനീയര്‍ കെ. ജയപാലൻ എന്നിവരും മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.