ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിൽ രക്തത്തിലെയും കോശങ്ങളിലെയും വിവിധ ലവണങ്ങൾക്ക് നിർണായക പങ്കാണുള്ളത്. അവയിലെ അളവിൽ വരുന്ന ഏതുതരം വ്യത്യാസങ്ങളും തലച്ചോറുൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിലെ ലവണങ്ങളിൽ ഏറ്റവും പ്രധാനം സോഡിയമാണ്, വ്യതിയാനങ്ങൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകാറുള്ളതും ഇതുമൂലമാണ്.
രക്തസമ്മർദം ശരിയായി ക്രമീകരിക്കുന്നതിലും തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിനും സോഡിയത്തിന്റെ അളവ് ഒരു നിശ്ചിത നിലയിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ, പ്രത്യേകിച്ചും സോഡിയം കുറയുന്നത്, കോശങ്ങളിൽ കൂടുതലായി ജലാംശം വർധിച്ച് വീർക്കുന്നതിനും അതുമൂലം അവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു. തലച്ചോറിലെ കോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്
ലക്ഷണങ്ങൾ
ഓക്കാനം, ഛര്‍ദി, ക്ഷീണം, തളർച്ച, പേശിേവദന, പേശികൾ കോച്ചിപ്പിടിക്കുക, ബോധനിലയിലുള്ള വ്യത്യാസം, പരസ്പരബന്ധമില്ലാത്ത സംസാരം, അപസ്മാരം, ബോധക്ഷയം, പൂർണമായ അബോധാവസ്ഥ (Coma). ഓർമക്കുറവും നടക്കുന്നതിനുള്ള ബുദ്ധിമുട്ടും കാണാറുണ്ട്.
സാധാരണയായി വളരെ സാവധാനമാണ് സോഡിയത്തിന്റെ അളവ് കുറയാറുള്ളത്. എന്നാൽ, അപൂർവമായി, ഗുരുതരമായ രോഗബാധയോടൊപ്പം വളരെ വേഗത്തിൽ സോഡിയം കുറയുന്നത് മറ്റു ലക്ഷണങ്ങളില്ലാതെ അപസ്മാരവും ബോധക്ഷയവും ഉണ്ടാകുന്നതിനും മരണത്തിനും ഇടയാക്കും.
കാരണങ്ങൾ
പ്രായമായവരിലാണ് സോഡിയം കുറയുന്നതിനുള്ള സാധ്യത കൂടുതൽ. ഹൃദ്രോഗം, വൃക്കരോഗം, കരൾവീക്കം എന്നീ പ്രശ്നങ്ങൾ ഉള്ളവർക്കും സോഡിയം കുറയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
പക്ഷാഘാതം, വിവിധ അവയവങ്ങളെ ബാധിക്കുന്ന അണുബാധ, കഠിനമായ കായികാധ്വാനത്തിനുശേഷം ലവണാംശം ഇല്ലാത്ത വെള്ളം കൂടുതലായി കുടിക്കുന്നത്, തുടർച്ചയായ ഛർദി, വയറിളക്കം, ഹൃദ്രോഗം, വൃക്കരോഗം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ശരീരത്തിൽ കൂടുതലായുള്ള ജലാംശം പുറത്തു കളയുന്നതിനുള്ള lasix പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരിലും ഇതുണ്ടാകും
സാധാരണയായി ഗുരുതരമായ രോഗബാധയുണ്ടാവുമ്പോഴാണ് രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയുന്നത്. എന്നാൽ, പ്രായം കൂടിയവരിൽ മൂത്രത്തിൽ പഴുപ്പ്, വൈറൽ പനി തുടങ്ങിയ നിസ്സാര രോഗങ്ങൾ വരുമ്പോഴും ചിലപ്പോൾ കാര്യമായ രോഗങ്ങൾ ഇല്ലാത്തപ്പോഴും സോഡിയം കുറയുന്നതു കൊണ്ടുള്ള ലക്ഷണങ്ങൾ കാണാറുണ്ട്.
പരിഹാരമാർഗങ്ങൾ– വയറിളക്കവും ഛർദിയും ഉള്ളപ്പോൾ ORS ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളമോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രായമായവർ ഒരു ദിവസം മൂന്നു ലീറ്ററിൽ അധികം വെള്ളം കുടിക്കരുത്. കഠിനമായ അധ്വാനത്തിനൊപ്പം ORS ലായനി കുടിക്കാൻ ശ്രദ്ധിക്കുക.
മറ്റസുഖങ്ങൾ ഉള്ളവർ ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക. സോഡിയം കുറയുന്നതു കൊണ്ടുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വൈദ്യസഹായം തേടണം.
ശരീരത്തിൽ സോഡിയം കുറയുന്നത് വിവിധ തരം ശാരീരിക ബലഹീനതകൾക്ക് കാരണമാകും. ഇടയ്ക്കിടെ വരുന്ന ശാരീരിക മാറ്റങ്ങൾ ഉണ്ടെങ്കിൽ വേണ്ട വിധം ചികിത്സ സഹായം ഉറപ്പായും നേടുക