ടെഹ്റാൻ∙ സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ ഏറ്റവും കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റാസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഇസ്രയേൽ ഈ കുറ്റത്തിന് കനത്ത വില നൽകേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്കസിന്റെ പ്രാന്തപ്രദേശമായ സെയ്നാബിയ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
റാസി, മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഐആർജിസി അറിയിച്ചു. സിറിയയിൽ ഇറാൻ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച് നിലപാട് ഇസ്രയേൽ തുടരുന്നതിനിടെയാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെടുന്നത്.
2020 ജനുവരിയിൽ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. അടുത്ത ആഴ്ച ഖാസിമിന്റെ നാലാം ചരമവാർഷികം ആചരിക്കാനിരിക്കെയാണ് മൗസവിയുടെ കൊലപാതകം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു