പത്തനാപുരം: പുതുവര്‍ഷത്തില്‍ ഗാന്ധിഭവന് മറ്റൊരു വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി പ്രമുഖ വ്യവസായിയും കാരുണ്യപ്രവര്‍ത്തകനുമായ എം.എ. യൂസഫലി നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു. ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടന്‍ ടി.പി. മാധവനടക്കം മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ പതിനഞ്ചു കോടിയിലധികം തുക മുടക്കി യൂസഫലി നിര്‍മ്മിച്ചുനല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്. മുന്നൂറോളം അന്തേവാസികള്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കുവാനുള്ള സംവിധാനങ്ങളൊരുക്കുന്ന കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ഇരുപത് കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളായാണ് നിര്‍മ്മാണം. അതിനും മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങള്‍, പ്രത്യേക പരിചരണവിഭാഗങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍, കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അഗതികളായ അച്ഛന്മാര്‍ക്ക് സമ്മാനിക്കുമെന്ന് യൂസഫലി പറഞ്ഞു.
ഗാന്ധിഭവനിലെത്തിയ യൂസഫലിയെ അമ്മമാര്‍ പുഷ്പങ്ങള്‍ നല്‍കിയും കുട്ടികള്‍ ബാന്‍ഡ് മേളത്തോടെയുമാണ് സ്വീകരിച്ചത്. അദ്ദേഹം കേക്ക് മുറിച്ച് അമ്മമാര്‍ക്ക് നല്‍കി ക്രിസ്മസ് സന്തോഷം പങ്കിട്ടു. തുടര്‍ന്ന് ശിലാസ്ഥാപനത്തിനു ശേഷം ഗാന്ധിഭവനിലെ കിടപ്പുരോഗികളടക്കമുള്ള അന്തേവാസികളെ സന്ദര്‍ശിച്ചു.

മാതാപിതാക്കളെ സ്‌നേഹിക്കണം, സംരക്ഷിക്കണം എന്നാണ് എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ അച്ഛനമ്മമാരെ നിര്‍ദ്ദാക്ഷിണ്യം ഉപേക്ഷിച്ചുകളയുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ദയവായി ആരും മാതാപിതാക്കളെ അഭയകേന്ദ്രങ്ങളിലേക്ക് തള്ളിവിട്ട് ദൈവ ശിക്ഷയ്ക്ക് പാത്രമാകരുത്; യൂസഫലി പറഞ്ഞു.

2016 ആഗസ്തിലാണ് യൂസഫലി ആദ്യമായി ഗാന്ധിഭവന്‍ സന്ദര്‍ശിക്കുന്നത്. അന്ന് അവിടുത്തെ അമ്മമാരുമായി സംസാരിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചെന്നും അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്.

ശിലാസ്ഥാപന ചടങ്ങില്‍ യുസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്റനാഷണല്‍ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ചീഫ് എഞ്ചിനീയര്‍ ബാബു വര്‍ഗ്ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തിൽ, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവരും പങ്കെടുത്തു.
കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത് കൂടാതെ ഏഴു വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി എട്ടു കോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. ഗാന്ധിഭവനിലെയും കേരളത്തിലുടനീളമുള്ള ഇരുപത് ശാഖകളിലെയും അന്തേവാസികള്‍ക്ക് അന്നദാനത്തിനു പുറമെ, പുതിയ മന്ദിരത്തോട് ചേര്‍ന്ന് ഏഴ് ഏക്കറിലധികം വസ്തു വാങ്ങാനാണ് ഈ തുകയത്രയും ചെലവിട്ടതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ-രോഗികള്‍, മാനസികരോഗികള്‍, ശാരീരിക വൈകല്യങ്ങളുള്ളവര്‍, കിടപ്പുരോഗികള്‍, എച്ച്.ഐ.വി. ബാധിതര്‍ എന്നിങ്ങനെ അന്യസംസ്ഥാനക്കാരടക്കം ആയിരത്തിമുന്നൂറിലധികം പേര്‍ അധിവസിക്കുന്ന ഗാന്ധിഭവനിലെ സ്ഥലപരിമിതിക്ക് ഇതോടെ ആശ്വാസമാകുമെന്നും സെക്രട്ടറി പറഞ്ഞു.യൂസഫലി എന്ന മഹാമനുഷ്യസ്‌നേഹിയുടെ കാരുണ്യമനസ്സിനു മുമ്പില്‍ സന്തോഷത്തോടെ തൊഴുകൈ കൂപ്പുകയാണ് ഗാന്ധിഭവന്‍ കുടുംബം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















