റാന്നി (പത്തനംതിട്ട) ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസണെയാണ് (അച്ചു–12) മരിച്ച നിലയിൽ കണ്ടത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർഥിനിയാണ്.
ശനിയാഴ്ച രാവിലെ 11 മണിക്കു ശേഷമാണു സംഭവം. ജോൺസൺ ഒരു വർഷം മുൻപ് തടി ദേഹത്തു വീണു മരിച്ചതാണ്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ആഷ്മി വാടക വീട്ടിൽ കഴിയുന്നത്. മുത്തച്ഛൻ രോഗം ബാധിച്ചു കിടപ്പിലാണ്. മുത്തശ്ശി പണിക്കു പോയിരുന്നു. 11 മണിയോടെ ഷൈലജ റാന്നിക്കു പോയിരുന്നു. പാചക വാതകമെടുക്കുന്നതിന് ബുക്ക് മകളെ ഏൽപ്പിച്ചിട്ടാണ് ഇവർ പോയത്.
10 വയസ്സുള്ള സഹോദരൻ വാടക വീടിന്റെ ഉടമയുടെ സമീപത്തുള്ള വീട്ടിൽ നിൽക്കുന്നതിനിടെ ഷൈലജ ഈ വീട്ടിലേക്കു ഫോണിൽ ബന്ധപ്പെട്ടിരുന്നു. സിലിണ്ടറുമായി ഗ്യാസ് ഏജൻസിയിൽ നിന്ന് ആളുവരുമെന്നു പറയാനാണ് വിളിച്ചത്. ഷൈലജ ലൈനിൽ തന്നെ തുടരുന്നതിനിടെ സഹോദരൻ ഫോണുമായി ആഷ്മിയെ തേടിയെത്തിയെങ്കിലും മുറി അടച്ചിട്ടിരിക്കുകയായിരുന്നു. ജനലിൽ കൂടി നോക്കിയപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്.
ഉടനെ തന്നെ ഷൈലജ സ്വന്തം സഹോദരനെയും കൂട്ടി ഓട്ടോയിൽ വീട്ടിലെത്തി. മുറി തുറന്നശേഷം ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. മരണ കാരണം അറിവായിട്ടില്ല. സ്വന്തമായി മൊബൈൽ ഫോൺ അച്ചുവിനില്ലെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു