ഗസ്സ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരിട്ട് ആശീർവദിച്ച് അയച്ച പ്രത്യേക സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെ ഗസ്സയിൽനിന്ന് പിൻവലിക്കുന്നു. പുനഃസംഘടിപ്പിക്കാനും വിശ്രമത്തിനുമായി താൽക്കാലികമായി പിൻവലിക്കുന്നെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും ശുജാഇയ്യയിൽ ഉൾപ്പെടെ ഹമാസിന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടി നേരിട്ടതും സൈനിക ലക്ഷ്യത്തിലേക്ക് അടുക്കാൻ പോലുമാകാത്തതുമാണ് പിന്മാറ്റത്തിന് കാരണമെന്ന് വിലയിരുത്തലുണ്ട്.
13ാം ബറ്റാലിയൻ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ തോമർ ഗ്രിൻബെർഗ്, ബ്രിഗേഡ് മേധാവിയുടെ ഫോർവേഡ് കമാൻഡ് ടീം മേധാവി കേണൽ ഇസാക് ബെൻ ബസത്, മേജർ റോയി മെൽദസി തുടങ്ങി മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടതോടെ സൈനികരുടെ മനോവീര്യം തകർന്നതായി ഇസ്രായേലി മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ഉറ്റവരെ കൊലക്ക് കൊടുക്കരുതെന്നാവശ്യപ്പെട്ട് സൈനികരുടെ കുടുംബം അധികൃതരുടെ മേൽ സമ്മർദം ചെലുത്തുന്നു. ഗസ്സയിൽ നേരിടുന്ന കനത്ത വെല്ലുവിളിയും ഉറക്കമില്ലായ്മ അടക്കം പ്രശ്നങ്ങളും ഇസ്രായേൽ സൈനികർ കുടുംബത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്.
READ ALSO….ആദിത്യ എല്‍1 ജനുവരി ആറിന് L1 പോയന്റില്‍ എത്തും : ഐ.എസ്.ആർ.ഒ ചെയർമാൻ
1948 ഫെബ്രുവരിയിൽ ഫലസ്തീനിലെ സയണിസ്റ്റ് വംശീയ ഉന്മൂലനത്തിനിടെയാണ് ഗോലാനി ബ്രിഗേഡ് രൂപവത്കരിച്ചത്. ഇസ്രായേലിന്റെ എല്ലാ പ്രധാന യുദ്ധങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. നാല് ടാങ്ക് ബറ്റാലിയൻ, രണ്ട് കാലാൾപ്പട ബറ്റാലിയൻ, ഒരു പീരങ്കി ബറ്റാലിയൻ, ഒരു പാരാഗ്രൂപ്പർ ബറ്റാലിയൻ എന്നിവ ഉൾപ്പെടുന്ന ഇസ്രായേലിന്റെ ഏറ്റവും പ്രത്യേക സൈനിക വിഭാഗമാണ് ഗോലാനി ബ്രിഗേഡ്. വിജയിച്ചുവരുമെന്ന് വിഡിയോ സന്ദേശത്തിൽ അവകാശപ്പെട്ട് ആഘോഷപൂർവമായാണ് ഇവർ ഗസ്സയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, സൈനിക തലവന്മാർ തുടങ്ങിവർ നേരിട്ടെത്തിയാണ് ആശീർവദിച്ച് അയച്ചത്.അതേസമയം, ഹമാസ് പോരാളികളുടെ മനോവീര്യം ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു