ലണ്ടൻ∙ യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഗുരശ്മാൻ സിങ് ഭാട്ടിയയുടെ മൃതദേഹം കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. മുങ്ങൽ വിദഗ്ധർ നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഡിസംബർ 14 വ്യാഴാഴ്ച സുഹൃത്തുക്കളുമൊത്തുള്ള രാത്രി യാത്രയ്ക്ക് ശേഷമാണ് 23 കാരനായ വിദ്യാർഥിയെ കാണാതായതായെന്ന് മെറ്റ് പൊലീസ് അറിയിച്ചു. ഗുരശ്മാൻ സിങ് ഭാട്ടിയ ലോഫ്ബറോ സർവകലാശാലയിൽ ഡിജിറ്റൽ ഫിനാൻസിൽ എംഎസ്‌സിക്ക് പഠിക്കുകയായിരുന്നു.
ഗുരശ്മാൻ സിങ് ഭാട്ടിയയ്ക്ക് വേണ്ടി വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷികളോട് സംസാരിച്ചും വിദ്യാർഥിയുടെ ഫോൺ, സാമ്പത്തിക വിവരങ്ങൾ എന്നിവ വിശകലനം ചെയ്തുമാണ് അന്വേഷണം നടത്തിയത്. ഗുരശ്മാന്‍റെ മരണം അപ്രതീക്ഷിതമാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സംശയാസ്പദമാണെന്ന് കരുതുന്ന ഒന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രാദേശിക പൊലീസിന്‍റെ ചുമതലയുള്ള ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് (ഡിസിഐ) ജെയിംസ് കോൺവേ പറഞ്ഞു
അങ്ങേയറ്റം വേദനാജനകമായ സാഹചര്യത്തിൽ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു.ഔദ്യോഗികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെങ്കിലും ഗുരശ്മാന്‍റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ജെയിംസ് കോൺവേ കൂട്ടിച്ചേർത്തു. ഗുരശ്മാന്‍റെ അവസാന ദിനങ്ങളിലെ നീക്കത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ CAD5787/15Dec എന്ന റഫറൻസ് ഉദ്ധരിച്ച് 101 എന്ന നമ്പറിൽ വിളിക്കാൻ പൊലീസ് അഭ്യർഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു