എഡിൻബറോ∙ യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്‌കോട്‌ലൻഡിൽ 75,000 നും 1,25,140 പൗണ്ടിനും ഇടയില്‍ വാർഷിക വരുമാനം ഉള്ളവർക്ക് 45% നികുതി പ്രഖ്യാപിച്ച് ഹംസ യൂസഫ് സര്‍ക്കാര്‍. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ ആദായനികുതി ഈടാക്കുമെന്ന പ്രഖ്യാപനവുമായാണ് സ്‌കോട്ടിഷ് സര്‍ക്കാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. അതായത് അവര്‍ നിലവില്‍ നല്‍കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ വരുമാന നികുതി നല്‍കേണ്ടി വരും. 125,000 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ നല്‍കുന്ന ഉയര്‍ന്ന നികുതി നിരക്ക് 47% ല്‍ നിന്ന് 48% ആയി ഉയരും.
75,000 പൗണ്ടിനും 125,000 പൗണ്ടിനും ഇടയില്‍ വാർഷിക വരുമാനമുള്ള 1,14,000 ആളുകള്‍ പുതിയ നികുതി നിരക്ക് നല്‍കുമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍ കണക്കാക്കുന്നു. കൂടാതെ 40,000 ആളുകള്‍ 125,000 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി നിരക്കും നല്‍കണം. രാജ്യത്ത് മറ്റ് ഭാഗങ്ങളിലെ നികുതിദായകരുമായി താരതമ്യം ചെയ്യുമ്പോള്‍ 1,00,000 പൗണ്ട് മുകളില്‍ വരുമാനമുള്ളവര്‍ സ്‌കോട്ട്ലൻഡിൽ 3,346 പൗണ്ട് അധികം നികുതി നല്‍കണം. 28,850 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടിയാലും ബ്രിട്ടനിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നികുതിയാണ് ചുമക്കേണ്ടി വരുന്നത്.
ഡപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റും ഫിനാന്‍സ് സെക്രട്ടറിയുമായ ഷോണാ റോബിന്‍സന്‍ ആദ്യത്തെ സ്‌കോട്ടിഷ് ബജറ്റ് അവതരിപ്പിക്കവെയാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സ്റ്റാര്‍ട്ടര്‍, ബേസിക്, ഇന്റര്‍മീഡിയേറ്റ്, ഹയര്‍ ബാന്‍ഡുകളുടെ നിരക്കുകള്‍ യഥാക്രമം 19%, 20%, 21%, 42% എന്ന നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ബേസിക്, ഇന്റര്‍മീഡിയേറ്റ് ബാന്‍ഡുകള്‍ ആരംഭിക്കുന്ന നിരക്കുകള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ധിപ്പിച്ചു.ഖജനാവില്‍ നേരിടുന്ന 1.5 ബില്യൻ പൗണ്ടിന്‍റെ ചോര്‍ച്ച പരിഹരിക്കാനാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു