ന്യൂ ഡല്‍ഹി: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ അനുകൂലിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതു കൊണ്ട് എതിര്‍ക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
‘അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണം? സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ? അവരില്‍ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം.സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനയാണ് എതിര്‍ക്കുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വെക്കാൻ പറ്റില്ല, പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം’, സുധാകരൻ പറഞ്ഞു.
രാഷ്ട്രീയം തിരിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ ആ പോസ്റ്റില്‍ ഇരിക്കാൻ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. അവര്‍ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്, തിരഞ്ഞെടുക്കപ്പെട്ടവരുടെ മുൻകാല കഥ അവര്‍ പരിശോധിക്കും. വിദഗ്ധ അക്കാദമീഷ്യൻ അല്ലെങ്കില്‍ പേരെടുത്ത് വിമര്‍ശിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.