‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ വച്ചു നടന്ന ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആൻഡ് വെല്‍ഫയര്‍ അസോസിയേഷന്‍ മീറ്റിങില്‍ മോഹന്‍ലാല്‍ വന്നതും സംസാരിച്ചതുമായ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ഔപചാരികമായ മോഹന്‍ലാലിന്റെ പ്രസംഗവും അതില്‍ പറഞ്ഞ കാര്യങ്ങളും എല്ലാം ജനം ഏറ്റെടുത്തിട്ടുണ്ട്. ഇന്നലത്തെ ഒരു പരിപാടിയില്‍ മാത്രം മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം നിന്ന് എടുത്തത് അയ്യായിരത്തില്‍ അധികം ചിത്രങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ 5641 ഫോട്ടോകള്‍ എന്നാണ് സംഘാടകരുടെ കണക്ക്. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സംഘടനയുടെ ആഘോഷത്തില്‍ കേക്ക് മുറിച്ചും സ്‌നേഹം പങ്കുവച്ചും മോഹന്‍ലാല്‍ നിറഞ്ഞു നിന്നു.
എണ്‍പത്തിയഞ്ചില്‍ താന്‍ സിനിമകളില്‍ വന്നതിനെ കുറിച്ചും അതിന് ശേഷം ഫാന്‍സ് അസോസിയേഷനുകള്‍ ആരംഭിച്ചതിനെ കുറിച്ചും എല്ലാം മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ രാജാജി നഗറില്‍ നിവാസിയായ വിജയന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറും മറ്റു ചിലരും ചേര്‍ന്നാണ് ആദ്യമായി എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുന്നത്. അതാരംഭിച്ച സഹോദരന്മാര്‍ ഇന്ന് ഇല്ല എന്ന സങ്കടവും ലാല്‍ പങ്കുവയ്ക്കുന്നു.
അങ്ങനെ പലയിടങ്ങളിലായി എന്നെ സ്‌നേഹിക്കുന്ന ഒരുപാട് കൂട്ടായ്മകള്‍ ആരംഭിച്ചു. അതില്‍ പലതും എന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു എന്ന് പറഞ്ഞപ്പോള്‍, സ്‌നേഹിക്കാന്‍ എന്തിനാണ് ലാലേട്ടാ സമ്മതം എന്ന് ചോദിച്ച് അവര്‍ എന്നെ ഉത്തരം മുട്ടിച്ചു. എന്റെ പേരില്‍ മത്സരങ്ങള്‍ പാടില്ല എന്ന നിബന്ധന മാത്രം ഞാന്‍ വച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ യൂണിറ്റുകളും ഒന്നിച്ച് ചേര്‍ന്ന്, 1998 ല്‍ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയത്.
1998 സെപ്റ്റംബര്‍ 2 ന് ചാക്ക കെയര്‍ ഹോമില്‍ വച്ച് മമ്മൂട്ടിയാണ് അത് ഉദ്ഘാടനം ചെയ്തത്. ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിക്ക! എന്റെ സഹോദര തുല്യനായ ഇച്ചാക്കയോടുള്ള സ്‌നേഹം ഈ അവസരത്തില്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍. എന്റെ സിനിമയാത്രയില്‍ എപ്പോഴും അദ്ദേഹം എന്റെ കൂടെയുണ്ട്. ഒന്നിച്ച് നില്‍ക്കുമ്പോള്‍ ഒന്നിച്ച് വളരാന്‍ കഴിയുന്നതാണല്ലോ സ്‌നേഹം. അദ്ദേഹം തുടങ്ങിവച്ച ഒരു പ്രസ്ഥാനം 25 വര്‍ഷം കഴിഞ്ഞിട്ടും വളരെ നന്നായി പോകുന്നു എന്നത് അദ്ദേഹത്തിന്റെ ഗുരുത്വമാണ്.
സ്‌നേഹത്തിന്റെ പേരിലുള്ള ചില മാസ് ഡയലോഗുകളും പ്രസംഗത്തിനിടയില്‍ വന്നിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനപ്പുറം, ഒരു നടന്‍ എന്ന നിലയില്‍ എനിക്കെന്ത് വേണം. മതിലുകളില്‍ പതിഞ്ഞ പോസ്റ്ററുകളെക്കാള്‍ വലുതാണ് മനസ്സില്‍ നിങ്ങളെനിക്ക് നല്‍കിയ സ്ഥാനം. സ്‌നേഹമല്ലാതെ തിരിച്ചെന്നും പ്രതീക്ഷിക്കാതെ നിങ്ങള്‍ തരുന്ന സ്ഥാനം. ഏത് പ്രതിസന്ധിയിലും എനിക്ക്, സിനിമയില്‍ എന്നത് പോലെ എനിക്ക് വിളിച്ചുപറയാന്‍ ഒരു വാചകമുണ്ട്, എന്റെ ‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്ന്- മോഹന്‍ലാല്‍ പറഞ്ഞു