ന്യൂയോര്‍ക്ക് : ഖത്തര്‍ ലോകകപ്പ് നേടിയ മെസിയുടെ സംഭവബഹുലമായ ഫുട്‌ബോള്‍ ജീവിതം പറയുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങി. ‘Messi’s World Cup: The Rise of a Legend’ (മെസിയുടെ ലോകകപ്പ്: ഒരു ഇതിഹാസത്തിന്റെ ഉദയം) എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നാല് ഭാഗങ്ങളായി ഇറങ്ങുന്ന ഡോക്യുമെന്ററി അടുത്തവര്‍ഷം ഫെബ്രുവരി 21-നാണ് പുറത്തിറങ്ങുക. ആപ്പിള്‍ ടിവി പ്ലസിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
മെസി നേരിട്ടുതന്നെ സംസാരിക്കുന്നതാണ് ഡോക്യുമെന്ററി. അര്‍ജന്റീന ടീമിലെ തന്റെ അവിശ്വസനീയമായ കരിയറും ലോകകപ്പ് നേട്ടവുമുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് താരം വിശദമായി പറയുന്നുണ്ട്. മെസിയുടെ വ്യക്തിഗത അഭിമുഖവും ടീമംഗങ്ങളുമായും പരിശീലകരുമായും സഹതാരങ്ങളുമായും ആരാധകരുമായുമുള്ള അഭിമുഖങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാരീസ്, ഖത്തര്‍, അര്‍ജന്റീന എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ് നടന്നത്. സ്മഗ്ലേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ നിര്‍വഹിച്ച സീരീസ് ആപ്പിള്‍ പ്ലസിലാണ് റിലീസ് ചെയ്യുക. ടിം പാസ്റ്റര്‍, പാട്രിക് മില്ലിങ് സ്മിത്, ബ്രയാന്‍ കാര്‍മഡി, മാറ്റ് റെണ്ണര്‍, ജെന്ന മില്‍മാന്‍, ജുവാന്‍ കാമിലോ ക്രസ് എന്നിവരാണ് ഡോക്യുമെന്ററി നിര്‍മിച്ചത്.