തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്കോർട്ട് പൊലീസുകാരൻ സന്ദീപിന്റെയും വീട്ടിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ സംഘർഷം. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിച്ചു.
വീടിന് സമീപം സുരക്ഷയ്ക്കായി സ്ഥാപിച്ച ബാരിക്കേഡ് മറിക്കാൻ ശ്രമിച്ചതോടെയാണിത്. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് ഉണ്ടായത്. സ്ഥലത്ത് സിപിഎം പ്രവർത്തകരും ഒത്തുചേർന്നിട്ടുണ്ട്. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു ജില്ലാ പ്രസിഡന്റുമാർക്ക് പരുക്കേറ്റു.
മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. ‘ജീവൻ രക്ഷാപ്രവർത്തനമെന്ന’ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് പോലീസുകാർക്കും കൂടുതൽ സുരക്ഷനൽകാൻ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രിയുടെ നാല് സുരക്ഷാഉദ്യോഗസ്ഥരാണ് ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ഇവർക്കെതിരെ ആക്രമണസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷഏർപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു