തിരുവനന്തപുരം: 28ാമത് ഐഎഫ്എഫ്‌കെക്ക് പ്രൗഢ-ഗംഭീര കൊടിയിറക്കം. റിസുക്കി ഹിമഗുചിയുടെ ഈവിൾ ഡസ്‌നോട്ട് എക്‌സിസ്റ്റിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം. റ്യൂസുകെ ഹമാഗുച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ആനന്ദ് ഏകർഷിയുടെ ആട്ടം ആണ് മികച്ച മലയാള ചിത്രം. മികച്ച നവാഗത മലയാള ചിത്രത്തിനുള്ള അവാർഡ് ശ്രുതി ശരണ്യത്തിന്റെ ബി32 മുതൽ 42 വരെ സ്വന്തമാക്കി. ഷോക്കിർ കോലേക്കോവിന്റെ സൺഡേ ആണ് മികച്ച ഏഷ്യൻ ചിത്രം. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഷോക്കിർ അർഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം തടവിലൂടെ ഫാസിൽ റസാഖ് സ്വന്തമാക്കി.
പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. രാഷ്ട്രീയത്തിന് നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടെങ്കിലും കല രാഷ്ട്രീയത്തിന് അതീതമാണെന്നു ക്രിസ്തോഫ് സനൂസി പറഞ്ഞു. മാനുഷിക അവസ്ഥകളെക്കുറിച്ചാണ് കല പറയുന്നത്. മനുഷ്യത്വത്തെ സംരക്ഷിക്കാനും നശിപ്പിക്കാനും ഇപ്പോഴത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനു കഴിയുമെന്നും ക്രിസ്തോഫ് സനൂസി പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകൾക്ക് കൂടുതൽ പ്രേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തിൽ മുന്നിലെത്തിയ മേളയിൽ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആൾക്കൂട്ടത്തെ ആകർഷിച്ച മേളയിൽ മത്സരവിഭാഗത്തില്‍ പ്രദർശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു